കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ജാഥയ്ക്ക് ഇന്നും നാളെയുമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം' എന്ന കാഴ്ചപ്പാടോടെ 'തോൽപ്പിച്ചാൽ നിലവാരം ഉയരുമോ?' എന്ന പേരിലാണ് വിദ്യാഭ്യാസ ജാഥ നടത്തുന്നത്.

പത്താംതരം വിജയിക്കണമെങ്കിൽ വാർഷിക എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വാങ്ങണമെന്ന സർക്കാർ നിബന്ധനയെ എതിർത്ത്, ബദൽ നിർദ്ദേശങ്ങൾ പറഞ്ഞാണ് ജാഥ നടത്തുന്നത്. കാസർകോട് നിന്ന് നവംബർ 14ന് തുടങ്ങിയ ജാഥ 10ന് തിരുവനന്തപുരത്ത് സമാപിക്കും. ജില്ലയിൽ 23 കേന്ദ്രങ്ങളിലാണ് കിഴക്കൻ - പടിഞ്ഞാറൻ മേഖലാ ജാഥകളെത്തുന്നത്. ഇന്ന് രാവിലെ 9ന് ശൂരനാട് വടക്കുനിന്ന് കിഴക്കൻ മേഖലാ ജാഥ തുടങ്ങി പതാരം, ചിറ്റുമല, കുണ്ടറ, എഴുകോൺ കേന്ദ്രങ്ങളിലെത്തിയശേഷം ഓടനാവട്ടത്ത് സമാപിക്കും. പടിഞ്ഞാറൻ മേഖലാ ജാഥ രാവിലെ 9ന് ഓച്ചിറയിൽ നിന്ന് തുടങ്ങി മരങ്ങാട്ട് മുക്ക്, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, തേവലക്കരയിലെ സ്വീകരണങ്ങൾക്ക് ശേഷം ശങ്കരമംഗലത്ത് സമാപിക്കും. 8ന് കിഴക്കൻ മേഖലാ ജാഥ വാളകത്തുനിന്ന് തുടങ്ങി കടയ്ക്കൽ സമാപിക്കും. പടിഞ്ഞാറൻ മേഖലാ ജാഥ അഞ്ചാലുംമൂട്ടിൽ നിന്ന് തുടങ്ങി പരവൂരിൽ സമാപിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.ലിസി, ജില്ലാ പ്രസിഡന്റ് കെ.പ്രസാദ്, സെക്രട്ടറി എൻ.മോഹനൻ, എസ്.നന്ദനൻ എന്നിവർ പങ്കെടുത്തു.