rat
എലിപ്പനി

കൊല്ലം: ഈ വർഷം ഇതുവരെ ജില്ലയിൽ എലിപ്പനി കവർന്നത് പത്തുപേരുടെ ജീവൻ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ജനുവരി മുതൽ കഴിഞ്ഞ 4 വരെ 233 പേരാണ് എലിപ്പനി ബാധിതരായി ചികിത്സ തേടിയത്. ജനുവരിയിലാണ് ആദ്യ എലിപ്പനി മരണം റിപ്പോർട്ട് ചെയ്തത്. ശക്തികുളങ്ങര സ്വദേശിയായ 52 കാരിയാണ് മരിച്ചത്.

തലച്ചിറ സ്വദേശിയായ 43 കാരനാണ് ഒടുവിലത്തെ എലിപ്പനി മരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ എലിപ്പനി കേസുകളിൽ വർദ്ധനവും കാണപ്പെട്ടു. ഇടവിട്ടുള്ള മഴയിലുണ്ടായ വെള്ളക്കെട്ടാണ് പ്രധാനമായും എലിപ്പനി കേസുകൾ ഉയർത്തിയത്. ഏത് പനിയും എലിപ്പനിയാകാം. അതിനാൽ പനി വന്നാലുടൻ ആശുപത്രിയിൽ ചികിത്സ തേടണം. കൈകാലുകളിൽ മുറിവുണ്ടെങ്കിലോ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിലോ അക്കാര്യം ഡോക്ടറെ അറിയിക്കണം. സ്വയം ചികിത്സ ജീവഹാനിക്കുവരെ കാരണമാകും.

രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണതൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പുല‌ർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

വേണം കരുതൽ

 മലിനജല സമ്പർക്കത്തിലൂടെ രോഗവ്യാപനം

 ജലത്തിലിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണം

 മുറിവിലൂടെയും മറ്രും അണുക്കൾ പ്രവേശിക്കും

 ഡോക്‌സിസൈക്ലീൻ ഗുളിക കഴിക്കണം

പ്രാരംഭ ലക്ഷണം

 പനി  പേശിവേദന  തലവേദന  വയറുവേദന  ഛർദ്ദി  കണ്ണ് ചുവപ്പ്

രോഗം മൂർച്ഛിച്ചാൽ

 കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

എലിപ്പനി ബാധിതർ, മരണം

ജനുവരി - 20 ,1

ഫെബ്രുവരി-11,0

മാ‌ർച്ച്- 11,0

ഏപ്രിൽ-12, 1

മേയ്-21,1

ജൂൺ- 17,2

ജൂലായ് -36,1

ആഗസ്റ്റ് -24,0

സെപ്തംബർ-26,0

ഒക്ടോബർ-30,2

നവംബർ-23,1

ഡിസംബർ - 2,1