കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ സംഘർഷം, തടവുപുള്ളിക്ക് കുപ്പിച്ചില്ലുകൊണ്ട് കുത്തേറ്റു, മർദ്ദനത്തിൽ ജയിൽ ജീവനക്കാർക്കും തടവുപുള്ളിക്കും പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. ചവറ ശങ്കരമംഗലം സ്വദേശി ചില്ല് ശ്രീകുമാർ എന്നറിയപ്പെടുന്ന ശ്രീകുമാറാണ് അക്രമം കാട്ടിയത്.

വ്യാഴാഴ്ച വൈകിട്ട് മുതൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ചില്ല് ശ്രീകുമാറിനെ പുനലൂരിലെ പിടിച്ചുപറി കേസിലാണ് നവംബർ 17ന് റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച ഹരിപ്പാട് കോടതിയിൽ കൊണ്ടുപോകാനായി കൈവിലങ്ങ് വച്ചപ്പോൾ ഇയാൾ ജയിൽ ജീവനക്കാരോട് തട്ടിക്കയറി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ച് ഇതേ വിഷയത്തിൽ പൊലീസുകാരുമായി പിടിവലിയും ഉന്തുംതള്ളുമുണ്ടായി.

കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ തിരികെ ജയിലിൽ എത്തിച്ചത്. ജയിലിൽ വച്ച് സഹതടവുകാരനായ രാജീവിനെ ചില്ല് ശ്രീകുമാർ മർദ്ദിച്ചവശനാക്കി. ഇതേത്തുടർന്ന് ഇയാളെ സി സെല്ലിൽ നിന്ന് എഫ് സെല്ലിലേക്ക് മാറ്റി. എഫ് സെല്ലിലെ തടവുകാരനായ മേശിരി മനുവിനെ മർദ്ദിച്ചു. ജയിലിൽ നിന്ന് കൈക്കലാക്കിയ കുപ്പിച്ചില്ലുകൊണ്ട് മനുവിന്റെ ശരീരത്ത് മുറിവേല്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ജീവനക്കാരൻ ജെയിംസ് സാമിനെ മർദ്ദിച്ചു.

ബഹളംകേട്ട് ഓടിയെത്തിയ അസി.പ്രിസൺ ഓഫീസർമാരായ രാമചന്ദ്രൻ, ധനേഷ് എന്നിവരെയും ശ്രീകുമാർ മർദ്ദിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ സൂപ്രണ്ട് ശ്രീരാമന്റെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര സി.ഐ അറിയിച്ചു.

ക്വട്ടേഷൻ സംഘത്തിലെ കണ്ണി

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ചില്ല് ശ്രീകുമാറിനെതിരെ കേസുകളുണ്ട്. ക്വട്ടേഷൻ സംഘത്തിലെ അംഗമായിരുന്നു. മാവേലിക്കരയിൽ രണ്ട് പൊലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെയും പ്രതിയാണ്. കൊടി സുനിയുടെ ക്വട്ടേഷൻ ടീമിലും ഉൾപ്പെട്ടിരുന്നു. കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പുനലൂരിൽ പിടിച്ചുപറി നടത്തിയതും പിടിക്കപ്പെട്ടതും. അപകടകാരിയായ തടവുകാരൻ എന്ന നിലയിലാണ് ജയിൽ രേഖകളിൽ ശ്രീകുമാറിന്റെ പേര് ചേർത്തിട്ടുള്ളത്. ഹരിപ്പാട് കേന്ദ്രീകരിച്ചായിരുന്നു നേരത്തെ താമസവും അക്രമങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിരുന്നതും.