 
കൊട്ടാരക്കര: ഡിസംബറായതോടെ നഗരത്തിലെ ക്രിസ്മസ് വിപണി ഉണർന്നു.
പുൽക്കൂട്ടിൽ വയ്ക്കുന്ന രൂപങ്ങൾ, ബഹുവർണ നക്ഷത്രങ്ങൾ, സാന്താക്ലോസ് പ്രതിമകൾ, റെഡിമെയ്ഡ് പുൽക്കൂടുകൾ, ഫൈബറിലും പ്ലാസ്റ്റിക്കിലും ഒരുക്കിയ മഞ്ഞണിഞ്ഞ ക്രിസ്മസ് ട്രീകൾ, ക്രിസ്മസ്–പുതുവത്സരാശംസാ കാർഡുകൾ എന്നിങ്ങനെ ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനു വേണ്ടതെല്ലാം വിപണിയിൽ സുലഭമായി. 100 രൂപ മുതൽ 1,000 രൂപ വരെ വിലയുള്ള കടലാസ്, എൽ.ഇ.ഡി നക്ഷത്രങ്ങളും വാൽനക്ഷത്രങ്ങളും വിപണിയിലുണ്ട്. റെഡിമെയ്ഡ് പുൽക്കൂടുകൾക്കും ഡിമാൻഡേറെയാണ്.
നക്ഷത്രങ്ങളും കാർഡുകളും
എറണാകുളത്തു നിന്നും ത്രിശൂരിൽ നിന്നും ശിവകാശിയിൽ നിന്നും മുംബൈയിൽ നിന്നുമാണ് സ്റ്റാറുകൾ കൂടതലും എത്തുന്നത്. കൊല്ലം ഡോൺ ബോസ്കോയിൽ നിന്ന് പുതുമകളോടെ സ്റ്റാറുകൾ എത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു രൂപ മുതൽ 300 രൂപ വില വരെയുള്ള ക്രിസ്മസ് നവ വത്സര കാർഡുകൾ തിരഞ്ഞെടുക്കുന്നതിനായി വിപണിയിൽ തിക്കും തിരക്കുമാണ്.
കേക്കുകളും
10 രൂപക്ക് ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ് അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ ആയിരങ്ങൾ വിലയുള്ളവ വരെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാമുള്ള സാന്താക്ലോസ് വസ്‌ത്രങ്ങളും തയ്യാറാണ്. 300 രൂപ മുതൽ 4000 രൂപവരെ വിലയുണ്ട്. റെഡിമെയ്‌ഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ അലങ്കാര വസ്‌തുക്കൾ നിർമ്മിക്കാനുള്ള സാമഗ്രികളും വിപണിയിലുണ്ട്. ബേക്കറികളിൽ പുതിയ പരീക്ഷണങ്ങളുമായി ക്രിസ്‌മസ് കേക്കുകളും നിറഞ്ഞുതുടങ്ങി.