 
കൊല്ലം: കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ ഐ.ടി പാർക്ക് സ്ഥാപിക്കാൻ കൊല്ലം നഗരത്തിൽ പാർവതി മിൽ സ്ഥിതി ചെയ്യുന്ന ഭൂമി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയം. ഐ.ടി വകുപ്പ് വൈകാതെ പദ്ധതിയുടെ വിശദ റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന.
കഴിഞ്ഞ ജൂണിലാണ് സംസ്ഥാന ഐ.ടി വകുപ്പ് നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാർവതി മിൽ ഭൂമി ആവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന് കത്ത് നൽകിയത്. അതിന് പിന്നാലെ കിഫ്ബിയുടെയും റവന്യു വകുപ്പിന്റെയും സംയുക്ത സംഘം സ്ഥലം അളക്കാൻ ശ്രമിച്ചത് പാർവതി മിൽ അധികൃതർ തടഞ്ഞതോടെ പ്രതീക്ഷ നഷ്ടമായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൽ കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായാൽ ഭൂമി വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. 1884ൽ ബ്രട്ടീഷുകാരനായ ജയിംസ് ഡെറാഗ് ആണ് പാർവതി മിൽ സ്ഥാപിച്ചത്. പിന്നീട് പല കൈകൾ മറിഞ്ഞ് 1974ലാണ് നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ കൈയിലെത്തിയത്. തുടർന്ന് മിൽ സ്വകാര്യവത്കരിക്കാനുള്ള നീക്കം കോടതി കയറിയതോടെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.
പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത് ഏറെ കാലതാമസം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലോ സർക്കാർ ഏജൻസികളുടെയോ ഉടമസ്ഥതയിലുള്ള ഭൂമികളാണ് പരിഗണിക്കുന്നത്. ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരു കൂറ്റൻ ഐ.ടി പാർക്കും അഞ്ച് മിനി ഐ.ടി പാർക്കുകളുമാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ
കൂറ്റൻ ഐ.ടി പാർക്ക് - 1
മിനി ഐ.ടി പാർക്ക് - 5
പരിഗണനയിലുള്ള സ്ഥലങ്ങൾ
പാർവതി മിൽ ഭൂമി- 16.40 ഏക്കർ
കൊട്ടിയത്തെ കാഷ്യു കോർപ്പറേഷൻ ഭൂമി- 7 ഏക്കർ (ഫാക്ടറിയുള്ള സ്ഥലം കഴിഞ്ഞ്)
കുരീപ്പുഴ ചണ്ടി ഡിപ്പോ- 8 ഏക്കർ (മാലിന്യ പ്ലാന്റിന് കൈമാറിയ സ്ഥലം കഴിഞ്ഞ്)
ആണ്ടാമുക്കത്തെ പഴയ കെ.ഡി.എ ഭൂമി- 2 ഏക്കർ