
കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പെരുകിയിട്ടും, ചിന്നക്കട റൗണ്ടിന് സമീപം ഉപേക്ഷിച്ച പഴയ റെയിൽപ്പാതയുടെ കുഴിയിലെ മാലിന്യം തള്ളലിന് അറുതിയില്ല. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം ഉപേക്ഷിക്കുന്നത് പതിവായിട്ടും അധികൃതർ ഗൗനിക്കുന്നില്ല.
കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് നടപ്പാതയിലൂടെ ആളുകൾ നടക്കുന്നത്. രാപ്പപകൽ വ്യത്യാസമില്ലാതെ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. പാഴ്ച്ചെടികളടക്കം വളർന്ന് കാടുമൂടി കിടക്കുന്ന ഇവിടെ പ്ലാസ്റ്റിക് കവറുകളും, ഡയറപ്പറുകളും, ചീത്തയായ ഓറഞ്ച് അടക്കമുള്ള പഴങ്ങളും ഉൾപ്പടെ ഇവിടെ കെട്ടിക്കിടക്കുന്നത്. പഴങ്ങൾ അഴുകി പുഴുവരിച്ച് തുടങ്ങിയ നിലയിലാണ്.
വെളിച്ചത്തിലും കാര്യമില്ല
റെയിൽവേയുടെ അധീനതയിലുള്ള ഇവിടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മാലിന്യം ഉപേക്ഷിക്കുന്നത്. രാത്രിയിൽ ഈ പ്രദേശത്ത് വെളിച്ചമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മാലിന്യം തള്ളാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴയത്ത് കെട്ടികിടക്കുന്ന മാലിന്യം അഴുകി സ്ഥിതി കൂടുതൽ വഷളാക്കും. വേനൽ സമയത്ത് പലപ്പോഴും മാലിന്യത്തിന് തീപിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പഴങ്ങളുടെ ചീഞ്ഞ നാറ്റം സഹിച്ചാണ് യാത്രക്കാർ നടക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് അവസ്ഥയ്ക്ക് കാരണം.
മനു, കാൽനട യാത്രക്കാരൻ