കൊല്ലം: സി.പി.എം ജില്ലാ സമ്മേളനം 10 മുതൽ 12 വരെ കൊട്ടിയത്ത് നടക്കും. മയ്യനാട് ധവളക്കുഴിയിലെ ഏഴര ഏക്കറിൽ സജ്ജമാക്കിയ പ്രത്യേക നഗറിൽ പി.ബി അംഗം എം.എ.ബേബി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, കെ.കെ.ശൈലജ, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്‌ണൻ, കെ.കെ.ജയചന്ദ്രൻ, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

12ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ, എം.സ്വരാജ് എന്നിവർ സംസാരിക്കും.

സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ നാളെ രാവിലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് പര്യടനം പൂർത്തിയാക്കി രാത്രി സമ്മേളന നഗരിയിലെത്തും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ ക്യാപ‌്‌ടനായ പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് ഉദ്‌ഘാടനം ചെയ്യും. സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രൻ ഏറ്റുവാങ്ങും. കടയ്‌ക്കൽ വിപ്ലവ സ്‌മാരകത്തിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം എം.നസീർ ക്യാപ്‌ടനായ കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഏറ്റുവാങ്ങും. കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ ക്യാപ്‌ടനായ ദീപശിഖാ റാലി സംസ്ഥാന കമ്മിറ്റി അംഗം ജെ.മെഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഏറ്റുവാങ്ങും.

ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സ്വാഗത സംഘം ചെയർമാൻ പി.രാജേന്ദ്രൻ,സെക്രട്ടറി എൻ.സന്തോഷ്, സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എസ്.ഫത്തഹുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കരുനാഗപ്പള്ളിയിൽ കടമ നിർവഹിച്ചില്ല

രാഷ്‌ട്രീയവും സംഘടനാപരവുമായ കടമ നിർവഹിക്കുന്നതിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറഞ്ഞു. കരുനാഗപ്പള്ളിയിലെ ചില സമ്മേളനങ്ങൾ ജനാധിപത്യപരമല്ലെന്ന വാർത്തകൾ മാദ്ധ്യമ സൃഷ്‌ടിയാണെന്നും അദ്ദേഹം പറഞ്ഞു.