 
കരുനാഗപ്പള്ളി: 'ആശാ വർക്കർ' എന്ന സ്ഥാനപ്പേര് കേൾക്കാൻ നല്ല രസമുണ്ട്. എന്നാൽ പേരിൽ മാത്രമാണ് 'പ്രതീക്ഷ'യുള്ളതെന്നും ജീവിതം ശോകമാണെന്നും പറയുകയാണ് ഒരു കൂട്ടം ആശാവർക്കർമാർ.'അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്' എന്നതിന്റെ ചുരുക്കപ്പേരാണ് 'ആശ ' എന്നത്. 16 വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിൽ ആശാവർക്കർമാരുടെ പ്രവർത്തനം ആരംഭിച്ചത്. എൻ.എച്ച്.എമ്മിന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതിക്ക് രൂപം നൽകിയത്. ഒരു ജോലിയല്ല, പല ജോലികളാണ് ഇവർ ചെയ്യുന്നത്. 24 മണിക്കൂറും ശരീരവും മനസ്സുംകൊണ്ട് കർമനിരതരായവർ. തുച്ഛമായ വേതനത്തിൽ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരുന്ന അവർക്ക് വേണ്ടത്ര പരിഗണന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ജോലിക്ക് ആനുപാതികമായി വേതനം ലഭിക്കാത്തതാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. രാവിലെ തുടങ്ങുന്ന ജോലി പലപ്പോഴും രാത്രിയോടെയാണ് അവസാനിക്കുന്നത്. സർക്കാരിന്റെ മിക്ക സർവേകളും നടത്തുന്നതും ഇവരാണ്.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആശാവർക്കർമാർ ജോലി ചെയ്യേണ്ടത്.
10 മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ജോലി ചെയ്താൽ 7000 രൂപ വേതനം ലഭിക്കും.
മാനദണ്ഡത്തിന്റെ എണ്ണം കുറയുന്നതനുസരിച്ച് വേതനം കുറയും.
അതാത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ആനുകൂല്യങ്ങൾ നൽകുന്നില്ല
കുട്ടികളെ കുത്തിവെയ്പ്പ് സെന്ററുകളിൽ എത്തിക്കുമ്പോൾ ഒരാൾക്ക് 20 രൂപയും പോളിയോ തുള്ളിമരുന്ന് നൽകുന്നതിന് ഒരു ദിവസം 75 രൂപയും ലഭിക്കും.
അവലോകന യോഗം സംഘടിപ്പിക്കുമ്പോൾ 700 രൂപയും അധികപ്പറ്റായി നൽകും.
കഴിഞ്ഞ വർഷം നൽകേണ്ട അധികപ്പറ്റ് ആനുകൂല്യങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് ആശാവർക്കർമാർ പറയുന്നത്. രാവിലെ മുതൽ അന്തി വരെ പണിയെടുത്താൽ അന്നത്തിനുള്ള വക കണ്ടെത്താനാകുന്നില്ലെന്ന പരാതിയാണ് ഇവർക്കുള്ളത്. പി.എഫ്, ഇ.എസ്.ഐ പോലുള്ള ഒരു ആനുകൂല്യങ്ങളും ഈ വിഭാഗത്തിൽ പെട്ടവർക്ക് ലഭിക്കുന്നില്ല.