കൊല്ലം: കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024ലെ കായിക പുരസ്‌കാരത്തിന് സംസ്ഥാനത്തെ മികച്ച അത്‌ലറ്റായി കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത സാന്ദ്ര മോൾ സാബുവും മികച്ച ഫുട്‌ബാളറായി കേരള ഫുട്‌ബാൾ അസോസിയേഷൻ തിരഞ്ഞെടുത്ത ഷഹീബ് അലി കാരയിലും അർഹരായി.
ഇടുക്കി നരിയൻപാറ കാരക്കാട്ട് വീട്ടിൽ സാന്ദ്ര മോൾ സാബു തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. യു.എ.ഇയിൽ നടന്ന 21-ാമത് ഏഷ്യൻ ജൂനിയർ മീറ്റിൽ ഒരോ സ്വർണവും വെള്ളിയും നാലാമത് സൗത്ത് ഏഷ്യൻ ജൂനിയർ മീറ്റിൽ ഓരോ സ്വർണവും വെള്ളിയും അഞ്ചാമത് ഇന്ത്യൻ ഓപ്പൺ മീറ്റിൽ വെള്ളി മെഡലും നേടിയിരുന്നു.
മലപ്പുറം മങ്കട കാരയിൽ ഹൗസിൽ ഷഹീബ് അലി കാരയിൽ എം.ഐ.സി അത്താണിക്കൽ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കേരള ജൂനിയർ ഫുഡ്‌ബാൾ ടീം ക്യാപ്ടൻ, 2023ൽ സബ് ജൂനിയർ മലപ്പുറം ഫുട്‌ബാൾ ടീം ക്യാപ്ടൻ, 2024 ൽ ജൂനിയർ സ്റ്റേറ്റ് ക്യാപ്ടൻ, നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീം അംഗവുമാണ്.
ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 5ന് ക്യു.എ.സി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ 25,000 രൂപ വീതമുള്ള ക്യാഷ് അവാർഡും പുരസ്‌കാരങ്ങളും മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിക്കും.