
കൊല്ലം: പ്രതിസന്ധിയിലായ കശുഅണ്ടി വ്യവസായത്തിന് താങ്ങാകാൻ കേന്ദ്രസർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ മാനേജ്മെന്റ്, ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
എണ്ണൂറിലധികം സ്വകാര്യ ഫാക്ടറികളും 40 പൊതുമേഖലാ ഫാക്ടറികളും പ്രവർത്തിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോൾ സ്വകാര്യമേഖലയിൽ നൂറിൽ താഴെ ഫാക്ടറികളും പൊതുമേഖലയിൽ നാൽപ്പത് ഫാക്ടറികളുമാണ് പ്രവർത്തിക്കുന്നത്. 156 തൊഴിൽ ദിനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ തൊഴിലാളിക്കും കുടുംബത്തിനുമുള്ള ഇ.എസ്.ഐ ചികിത്സാ സൗകര്യവും നിഷേധിക്കപ്പെടുകയാണ്.
ബാങ്കുകൾ സർഫാസി ആക്ട് ചുമത്തി തൊഴിലുടമകളുടെ സ്ഥാപക ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതുമൂലം പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണ്. തോട്ടണ്ടി ഉത്പാദക രാജ്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കരാറുണ്ടാക്കിയാലേ തോട്ടണ്ടി തടസം കൂടാതെ ലഭിക്കൂ. സംസ്ഥാനത്തെ വ്യവസായ, ധനകാര്യ വകുപ്പ് മന്ത്രിമാരുടെയും കേരളത്തിൽ നിന്നുള്ള എം.പിമാരുടെയും വ്യവസായികളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ ഒരു സംഘം കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷനായി. കാഷ്യു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ബാബു, ബി.സുചീന്ദ്രൻ, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, സജി.ഡി.ആനന്ദ്, ബി.പ്രതീപ് കുമാർ, സി.ഐ.ടി.യു പ്രതിനിധികളായ കെ.രാജഗോപാൽ. ബി.തുളസീധരക്കുറുപ്പ്, എസ്.എൽ.സജി കുമാർ, എ.ഐ.ടി.യു.സി പ്രതിനിധികളായ അഡ്വ. ജി.ലാലു, അയത്തിൽ സോമൻ, ആർ.മുരളീധരൻ, ഐ.എൻ.ടി.യു.സി പ്രതിനിധി പെരിനാട് മുരളി, യു.ടി.യു.സി പ്രതിനിധി അഡ്വ. ടി.സി.വിജയൻ എന്നിവരും സംസാരിച്ചു.
ഉത്പന്നങ്ങൾക്ക് 25% വിലക്കുറവ്
ക്രിസ്‌മസും പുതുവത്സരവും പ്രമാണിച്ച് കാഷ്യു കോർപ്പറേഷന്റെ കശുഅണ്ടി പരിപ്പിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും 25 ശതമാനം വരെ ഡിസ്കൗണ്ട് നൽകാൻ തീരുമാനിച്ചതായി ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും അറിയിച്ചു. 2025 ജനുവരി 15 വരെ ആനുകൂല്യം ലഭ്യമാണ്. ഓണക്കാലത്ത് എട്ട് കോടിയുടെ ആഭ്യന്തര നേട്ടമുണ്ടാക്കാൻ കോർപ്പറേഷന് കഴിഞ്ഞിരുന്നു. ശബരിമല സീസൺ പ്രമാണിച്ച് അയ്യപ്പ ഭക്തർക്കായി നിലയ്ക്കലിൽ കോർപ്പറേഷന്റെ വിപണന കേന്ദ്രവും ആരംഭിച്ചു.