pocxo

എട്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ - 2681

കൊല്ലം: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമം കർശനമാക്കുമ്പോഴും ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 2681 കേസുകളാണ്. ഈ വർഷം ഒക്‌ടോബർ വരെ കൊല്ലം സിറ്റി, റൂറൽ പരിധികളിൽ രജിസ്റ്റർ ചെയ്തത് 348 കേസുകളാണ്.

2012 മുതൽ പോക്സോ നിയമം നിലവിലുണ്ടെങ്കിലും ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ഈ വർഷമാണ്. 2016ൽ നിന്ന് 2024ലേക്ക് എത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർദ്ധന. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പരിചയം മുതലെടുത്തും ബന്ധുക്കൾ ഉൾപ്പടെയുള്ളവരിൽ നിന്നുമേറ്റ ലൈംഗികാതിക്രമങ്ങളാണ് കേസ് വർദ്ധിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

സ്‌കൂളുകളിലും മറ്റും നടത്തുന്ന കൗൺസലിംഗിലൂടെയാണ് വീടുകളിൽ നിന്നുള്ള അതിക്രമങ്ങൾ പുറത്ത് വരുന്നത്.

ലഹരിമരുന്നുകൾ നൽകിയും മിഠായികൾ നൽകിയും കുട്ടികളെ പീഡനത്തിനിരയാക്കുന്ന സംഭവങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്ത് മുതൽ പ്ലസ്ടുവരെയുള്ള കുട്ടികളാണ് കൂടുതലായും ചൂഷണത്തിനിരയാകുന്നത്.

ജില്ലയിൽ 2016 മുതൽ 2020 വരെ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് ലോക്ക് ഡൗണിന് ശേഷമാണ് കേസുകൾ വർദ്ധിച്ചത്.

പിടിയിലാകുന്നവരിലേറെയും വൃദ്ധരും പ്രായപൂർത്തിയാകാത്ത യുവാക്കളുമാണ്. ഇതിൽ പലരും ഇരകളുടെ അടുത്തബന്ധുക്കളാണ്. സംസ്ഥാന തലത്തിലും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 4641 കേസുകളാണ്. തലസ്ഥാന നഗരമാണ് മുന്നിൽ. സംസ്ഥാനതലത്തിൽ ഏറ്റവും കൂടതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ലകളുടെ കൂട്ടത്തിൽ അഞ്ചാം സ്ഥാനത്താണ് ജില്ല.


വില്ലന്മാരിലേറെയും ബന്ധുക്കൾ

 കൂടുതൽ പോക്‌സോ കേസുകൾ റൂറൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ

 2016ൽ റൂറലിൽ 88 ഉം സിറ്റിയിൽ 89 ഉം കേസുകൾ
 ഈ വർഷം ഒക്‌ടോബർ വരെ 194 കേസുകൾ
 ഇരകളിലേറെയും 15 വയസിൽ താഴെയുള്ള കുട്ടികൾ

 ആൺകുട്ടികൾക്ക് നേരേയുള്ള ലൈംഗികാതിക്രമവും വർദ്ധിച്ചു


പോക്‌സോ കേസ്

2016-177
2017-261
2018-262
2019-289
2020-252
2021-327
2022-390
2023- 375
2024 (ഒക്‌ടോബർ വരെ)-348

കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണം. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയാൽ കൗൺസലിംഗിന് വിധേയമാക്കണം. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ബോദ്ധ്യപ്പെട്ടാൽ പരാതി നൽകണം.

പൊലീസ് അധികൃതർ