
കൊട്ടാരക്കര: റെയിൽവേ സ്റ്റേഷന് സമീപത്തും നഗരസഭയുടെ പാർക്ക് സ്ഥാപിക്കുന്നു. വില്ലേജ് ഓഫീസിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭൂമിയിലാണ് പാർക്ക് നിർമ്മിക്കുന്നത്. ഏറെക്കാലമായി ഇവിടം കാടുമൂടിക്കിടക്കുകയാണ്. വില്ലേജ് ഓഫീസിലേക്കും മറ്റും ഇവിടെ നിന്ന് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നഗരസഭയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ നിർമ്മാണത്തിനായി ഈ ഭൂമി ഉപയോഗിക്കാമെന്നാണ് ആദ്യം കണക്കുകൂട്ടിയത്. എന്നാൽ സ്ഥല പരിമിതിയുണ്ട്. തുടർന്നാണ് പാർക്ക് നിർമ്മിക്കാം എന്ന ആശയത്തിലേക്ക് എത്തിയത്. നിലവിൽ ചുറ്റുമതിലുള്ള ഭൂമിയാണ്. ഇവിടം വൃത്തിയാക്കിയ ശേഷം നിർമ്മാണോദ്ഘാടനമടക്കം ഉടൻ നടത്താനാണ് ആലോചന.
തീവണ്ടിയാത്രക്കാർക്കും പ്രയോജനപ്പെടും
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ഏറെനേരം ട്രെയിനിനായി കാത്തിരിക്കുന്നവരുണ്ട്. ഇത്തരം ആളുകൾക്ക് പാർക്ക് പ്രയോജനപ്പെടും. ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ലൈറ്റിംഗ് സംവിധാനവും അലങ്കാര കൗതുകങ്ങളുമടക്കം ഇവിടെയുണ്ടാകും. പൂച്ചെടികൾ നട്ടുവളർത്തും. ആ നിലയിൽ യാത്രക്കാർക്ക് സമയംപോക്കുന്നതിനുള്ള ഇടമായി ഇവിടം മാറും. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞുള്ള ഇടമായതിനാൽ സായന്തനങ്ങളിൽ കൂടുതൽ ആളുകളും ഇവിടേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
പട്ടണത്തിൽ മൂന്ന് പാർക്കുകൾ
പുലമൺ തോടിന് മുകളിൽ 2 കോടി രൂപ ചെലവിട്ട് വിശാലമായ പാർക്കും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. പുലമൺ ജംഗ്ഷനിൽത്തന്നെ മിനി പാർക്കും ലൈറ്റിംഗ് സംവിധാനങ്ങളും സെൽഫി പോയിന്റും നിർമ്മിക്കുന്നുണ്ട്. മൂന്നാമത്തെ പാർക്കാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിർമ്മിക്കുക. നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമൊക്കെ ഒരു ഭാഗത്ത് തുടങ്ങിക്കഴിഞ്ഞു. പാർക്കുകൾ കൂടി വരുന്നതോടെ പട്ടണത്തിൽ വിശ്രമ, പൊതു ഇടങ്ങൾ കൂടുകയാണ്. മീൻപിടിപ്പാറ ടൂറിസംപദ്ധതിയുണ്ടെങ്കിലും പട്ടണത്തിൽ നിന്നും അല്പം അകലത്തായതിനാൽ കൂടുതൽപ്പേർക്ക് പ്രയോജനപ്പെടുന്നില്ല.