കൊല്ലം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരായ പ്രതിഷേധത്തിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ സാരിയിൽ തീപിടിച്ചു. ഉടൻ നിലത്ത് കിടന്ന് ഉരുണ്ടതിനാൽ പൊള്ളലേറ്റില്ല.

ഇന്നലെ രാവിലെ 11.15 ഓടെ കൊല്ലം ഓലയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിലായിരുന്നു സംഭവം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ സമരം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം വൈദ്യുതി ബില്ലിൽ തീ കൊളുത്താനായി സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ ആദ്യം പത്രക്കടലാസിൽ തീ കത്തിച്ചിരുന്നു. കാറ്റ് വിശീയതോടെ പത്രക്കടലാസിൽ നിന്ന് വനിതാ നേതാവിന്റെ സാരിത്തുമ്പിലേക്ക് തീ പടരുകയായിരുന്നു. സഹപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നിലത്ത് കിടന്ന് ഇരുളാൻ സുബിയോട് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങി.