
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ വർഷം 65 ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ. ക്യാൻസർ രോഗ ബാധിതരായ വൃദ്ധർക്ക് ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 40 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാർക്ക് 25 ലക്ഷം രൂപയും ഉൾപ്പടെ 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 10 കിലോ മട്ട അരി, ചെറുപയർ കടല, കശുഅണ്ടി പരിപ്പ്, ഗോതമ്പ് നുറുക്ക്, ശർക്കര, ബദാം, ഈന്തപ്പഴം തുടങ്ങി 17 ഇനങ്ങളിലായി 31 കിലോഗ്രാമിന്റെ ഭക്ഷണ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 4,300 രൂപയാണ് ഒരു കിറ്റ് ചെലവ്. ആദ്യഘട്ടമായി 213 പേർക്കുള്ള വിതരണം ജില്ലാ പഞ്ചായത്തിൽ നിർവഹിച്ചു. ബാക്കി ഗുണഭോക്താക്കൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഹരികുമാരൻ നായർ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി.പി.സുധീഷ് കുമാർ, ബി.ജയന്തി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സയൂജ, സൂപ്രണ്ടുമാരായ കബീർദാസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.