
ചാത്തന്നൂർ: ദേശീയപാതയോരത്തുകൂടി പുതുതായി സ്ഥാപിച്ച 11 കെ.വി വൈദ്യുതി ലൈനുകൾ കെട്ടിടങ്ങൾക്കരികിലൂടെയും മരങ്ങൾക്കിടയിലൂടെയും കടന്നുപോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്ക. ദേശീയപാതയുടെ സർവീസ് റോഡകളിൽ പല സ്ഥലത്തും വീതി ഇല്ലാത്തതും കെട്ടിടങ്ങൾ റോഡിനോട് ചേർന്ന് നിൽക്കുന്നതുമാണ് അപകടക്കെണിയൊരുക്കുന്നത്.
ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചാൽ അപകടസാദ്ധ്യത ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത വികസനം യാഥാർത്ഥ്യമാകുമ്പോൾ വന്നുപെടാവുന്ന പ്രതിസന്ധികൾ മുൻകൂട്ടി കാണാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. കെ.എസ്.ഇ.ബി അധികൃതർ പല തവണ ദേശീയപാത അതോറിട്ടിയുമായി ഇക്കാര്യം സംസാരിച്ചെങ്കിലും കണ്ണടയ്ക്കുന്ന സമീപനം തുടരുകയാണ്.
കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ജംഗ്ഷനുകളിലെങ്കിലും അടിയന്തരമായി ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണം.
ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി.
ജി.ദിവാകരൻ, പ്രസിഡന്റ്
സിറ്റിസൺസ് ഫാറം