
കൊല്ലം: കേരള സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ നയ വൈകല്യമാണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പലായനം ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിർമ്മിച്ച കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ ജില്ലാ പ്രസിഡന്റ് വി.എൻ.പ്രേംനാഥിന്റെ സ്മരണാർത്ഥം നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. ആദ്യകാല അദ്ധ്യാപക സംഘടന നേതാക്കളെ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആദരിച്ചു. സ്മരണിക പ്രകാശനം കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും അദ്ധ്യാപകർക്കും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ സമ്മാനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, എം.എം.നസീർ, പഴകുളം മധു, സൂരജ് രവി, സംസ്ഥാന സെക്രട്ടറിമാരായ ബി.ജയചന്ദ്രൻ പിള്ള, പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, ട്രഷറർ സി.പി.ബിജുമോൻ എന്നിവർ സംസാരിച്ചു.