കൊല്ലം: എൽ.ടി.ടി പ്രവർത്തകരെന്ന പേരിൽ മനുഷ്യക്കടത്തിനുള്ള ശ്രമം ചുമത്തി കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വദേശികളെ കൊല്ലം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി വെറുതെ വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കന്യാകുമാരി സ്വദേശികളായ ആന്റണി, ജയിംസ് എന്നിവരെയാണ് വെറുതെ വിട്ടത്.

2010 മേയ് 7നായിരുന്നു സംഭവം. രാത്രി 9.15ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് ശ്രീലങ്കൻ സ്വദേശികളായ 28 പുരുഷന്മാരും 5 സ്ത്രീകളും 5 കുട്ടികളും അടക്കം 38 പേരെ വിവിധ മുറികളിലായി കണ്ടെത്തി. എൽ.ടി.ടി.ഇ പ്രവർത്തകരായ ശിവ എന്ന് വിളിക്കുന്ന പരാശരൻ, കുമാർ എന്നു വിളിക്കുന്ന ഡെന്നീസ് എന്നിവർ ആസ്ട്രേലിയയിലേക്ക് ബോട്ടുമാർഗം അയക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കേരളത്തിൽ എത്തിച്ചതാണെന്ന് ഇവർ വെളിപ്പെടുത്തി. എല്ലാവരുടെയും കൈയിൽ നിന്ന് 13.53 ലക്ഷം രൂപ വീതം വാങ്ങിയെന്നും തൊട്ടടുത്ത ദിവസം ശക്തികുളങ്ങരയിൽ നിന്ന് ബോട്ടിൽ കയറ്റി ആസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ആന്റണി, ജയിംസ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തു. വിചാരണക്കിടയിൽ മൂന്ന് പേർ നാടുവിട്ടു.

പ്രോസിക്യൂഷൻ 59 സാക്ഷികളെയും എട്ട് തൊണ്ടി മുതലുകളും മറ്റനേകം രേഖകളും ഹാജരാക്കി. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ഫ്രാൻസിസ് ജെ നെറ്റോ, സി.എസ്.മനോഹർ മുണ്ടയ്ക്കൽ, സോണിയ ഇമ്മാനുവൽ നെറ്റോ, ജെ.മോനിഷ, അനീറ്റ ജോയ് എന്നിവർ കോടതിയിൽ ഹാജരായി.