 കടയ്ക്കൽ ബി.ആർ.സിക്ക് ഓവറാൾ

കൊല്ലം: സർഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല ബഡ്‌സ് കലോത്സവം. ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ഇന്നലെ മികവിന്റെയും കഴിവിന്റെയും വേദിയായി മാറി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ശാക്തീകരണവും കലാപ്രതിഭകളുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് ബഡ്സ് കലോത്സവം അരങ്ങേറിയത്. ജില്ലയിലെ 34 ബഡ്സ് സ്ഥാപനങ്ങളിൽ നിന്ന് 253 വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. ചിലങ്ക, ഈണം, ധ്വനി, ഛായം എന്നീ നാല് വേദികളിലായി 22 ഇനങ്ങളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് നൃത്തച്ചുവടുകൾ കാണിച്ചു നൽകിയും മറ്റും അദ്ധ്യാപകരും മാതാപിതാക്കളും പൂർണപിന്തുണയേകി.

കടയ്ക്കൽ ബി.ആർ.സി 30 പോയിന്റുമായി ഓവറാൾ ചാമ്പ്യന്മാരായി. അലയമൺ ബി.ആർ.സിയും പെരിനാട് ബി.ആർ.സിയും 21 പോയിന്റ് സ്വന്തമാക്കി രണ്ടാംസ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം അദ്ധ്യക്ഷനായി. ഉജ്ജ്വല പുരസ്ക്കാര ജേതാവ് മാസ്റ്റർ ആദിത്യ സുരേഷ് മുഖ്യാതിഥിയായി. സി.ഡി.എസ് ചെയർപേഴ്സൺ സുജാത രതികുമാർ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ എ.അനീസ, ആർ. രതീഷ് കുമാർ, സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജർ കെ.സിന്ധുഷ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ സർട്ടിഫിക്കറ്റ്, ട്രോഫി വിതരണവും ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജയൻ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ എ.അനീസ, ആർ.രതീഷ് കുമാർ, ബി.ഉന്മേഷ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സിന്ധു വിജയൻ, ശ്രീലത എന്നിവർ സംസാരിച്ചു.