കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ സൈബർ തട്ടിപ്പിലൂടെ മൂന്നുപേരിൽ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു. കൊട്ടിയം, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് എന്നിവിടങ്ങളിലുള്ളവരെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസുകാരിയെ മുംബയ് സൈബർ പൊലീസാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ടാണ് കബിളിപ്പിച്ചത്. അവരുടെ പേരിൽ അയച്ചുകിട്ടിയ പാർസലിൽ എം.ഡി.എം.എ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തതിനാൽ അവർ വെർച്വൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചു. അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് 24 വ്യാജ ബാങ്ക് അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനാൽ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കണമെന്ന് പറഞ്ഞു. അതിനായി ബാങ്കിലെ പണം മുഴുവൻ ആർ.ബി.ഐയുടേതെന്ന പേരിൽ തട്ടിപ്പുകാരുടെ അക്കൗണ്ട് നമ്പർ നൽകിയാണ് പണം തട്ടിയത്. വെർച്വൽ അറസ്റ്റിൽ ആയതിനാൽ വീഡിയോ കാൾ കട്ട് ചെയ്യരുതെന്നും മൊബൈലിലെ ചാർജ് തീരാതിരിക്കാൻ പവർ ബാങ്ക് ഉപയോഗിക്കാനും നിർദ്ദേശിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഇവരുടെ വീട്ടിലെത്തിയ ബന്ധുവിനോട് സംസാരിക്കാൻ കഴിയില്ലെന്ന കാര്യം എഴുതി നൽകി. ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും ഇതിനിടിയൽ 92 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.
വീഡിയോകാളിൽ പൊലീസ്
വേഷത്തിലെത്തിയും തട്ടിപ്പ്
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 72 കാരന്റെ ഭാര്യയുടെ മൊബൈലിലേക്ക് കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് വിളിയെത്തി. ഭർത്താവിന്റെ ഐ.ഡി ഉപയോഗിച്ച് മുബയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ പാഴ്‌സലിൽ 5 ലാപ്‌ടോപ്പ്, പാസ്‌പോർട്ട്, ബാങ്ക് രേഖകൾ, കൂടാതെ 400 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെത്തിയെന്നും പറഞ്ഞു. സംഭവത്തിൽ വൃദ്ധയുടെ ഭർത്താവ് സംശയനിഴലിലാണെന്ന് പറഞ്ഞു. തുടർന്ന് വീഡിയോ കോളിൽ പൊലീസ് യൂണിഫോമിൽ എത്തിയയാൾ വൃദ്ധയെ അപ്പോൾ മുതൽ വെർച്ചൽ അറസ്റ്റിലാണെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും പറഞ്ഞു. അതിനായി ആർ.ബി.ഐയുടേതെന്ന പേരിൽ നൽകിയ അക്കൗണ്ടിലേക്ക് 1.05 കോടി ചോർത്തുകയുമായിരുന്നു.
മോഹന ലാഭത്തിൽ വീഴ്ത്തി ഒരുകോടി ചോർത്തി
ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പ് സംഘം അഞ്ചാലുംമൂട് സ്വദേശിയിൽ നിന്ന് ഒരുകോടി രൂപ അടുത്തിടെ തട്ടിയെടുത്തു. അഞ്ചാലുംമൂട് സ്വദേശിയെ തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് ഒരു ലിങ്ക് അയച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയ ശേഷം ബ്ലോക്ക് ട്രേഡിംഗിന്റെ പേരിൽ പണം വാങ്ങി. തുടർന്ന് വൻ തുക ലാഭം നേടിയതായി തെറ്റിദ്ധരിപ്പിച്ച് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുകയായിരുന്നു.
1930 വിളിക്കാം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.