കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പേരൂർ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിലായി. കഠിനംകുളം ചാന്നാങ്കര സംഗീത ഭവനിൽ ശ്രീജിത്താണ് (24) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പേരൂർ സ്വദേശിയായ യുവാവ് ഭാര്യയും കുഞ്ഞുമായി വർക്കലയുള്ള ഭാര്യ ഗൃഹത്തിലേക്ക് പോകുന്നതിനായി ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. തിരികെ എത്തിയപ്പോഴേക്കും ബൈക്ക് മോഷണം പോയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കഠിനംകുളം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ വന്ന ശ്രീജിത്തിനെ തടഞ്ഞുനിറുത്തി. വിവരങ്ങൾ ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്. തുടർന്ന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം മോഷണം പോയതാണെന്ന് മനസിലായി. ഇതോടെ വിവരം ഉടൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ രണദേവൻ, സുനിൽകുമാർ സി.പി.ഒമാരായ ഷഫീഖ്, അനീഷ്, സാഗർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.