കൊല്ലം: വാഹനത്തിന്റെ വാടക നൽകാത്ത വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. ആലപ്പാട് കുഴിത്തുറ മുതിരത്തയിൽ ശരത്ത് (32), ചങ്ങൻകുളങ്ങര ചാലുംപാട്ട് തെക്കേത്തറയിൽ അഖിൽ മോഹൻ (27, അച്ചു) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ചങ്ങൻകുളങ്ങര സ്വദേശി അഖിലിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അഖിലിന്റെ സഹോദരൻ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്ന വ്യക്തിക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഈ വാഹനം പിന്നീട് അമലിന്റെ അനുവാദം ഇല്ലാതെ സുജിത്ത് ശരത്തിന് നൽകി. വാടക കിട്ടാതായതിനെ തുടർന്ന് അഖിലും അമലും ചേർന്ന് ശരത്തിന്റെ പക്കൽ നിന്ന് വാഹനം തിരികെ വാങ്ങി.

ഇതിന്റെ വിരോധത്തിൽ ശരത്തും അഖിൽ മോഹനും മാരകായുധങ്ങളുമായെത്തി അഖിലിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മർദ്ദനമേറ്റു. ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഒമാരായ അനു, അനി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.