കൊല്ലം: സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊടിമര, ദീപശിഖ, പതാക ജാഥകൾ ഇന്ന് സമ്മേളന നഗരിയിലെത്തും. ഉച്ചയ്ക്ക് 2.30ന് കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം എം.നസീറാണ് ജാഥാക്യാപ്ടൻ.
രാത്രിയോടെ കൊട്ടിയം ധവളക്കുഴിയിലെ സമ്മേളനനഗരിയിലെത്തുന്ന കൊടിമരജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 2.30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് പതാകജാഥ ഉദ്ഘാടനംചെയ്യും. ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ ക്യാപ്ടനായ പതാകജാഥ സമ്മേളന നഗരിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യും.
കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ നയിക്കുന്ന ദീപശിഖ ജാഥ സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഏറ്റുവാങ്ങും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധ സമ്മേളനം നാളെ രാവിലെ 10ന് സി.പി.എം. പി.ബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ് എന്നിവർ പങ്കെടുക്കും. മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കും. 12ന് വൈകിട്ട് 4.30ന് സമ്മേളന നഗരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ, കെ.എൻ.ബാലഗോപാൽ, എം.സ്വരാജ് എന്നിവർ പങ്കെടുക്കും.
ജില്ലയിൽ പാർട്ടിയുടെ സ്വന്തം പേരിലുള്ള മയ്യനാട് ധവളക്കുഴിയിലെ ഏഴര ഏക്കർ ഭൂമിയിൽ സജ്ജമാക്കിയ വിശാലമായ വേദിയായാ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ചേരുന്നത്. ജില്ലാ സമ്മേളനത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പ്രവർത്തകരും നേതാക്കളും.
എസ്.സുദേവൻ തുടർന്നേക്കും
സി.പി.എം ജില്ലാ സെക്രട്ടറിയായി രണ്ടു ടേം പൂർത്തിയാക്കിയ എസ്.സുദേവൻ ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും. പുതുക്കിയ പാർട്ടി ഭരണഘടന പ്രകാരം ഒരാൾക്ക് മൂന്ന് തവണ സെക്രട്ടറി പദവിയിൽ തുടരാമെന്നതാണ്. കരുനാഗപ്പള്ളിയിലെ പരസ്യ പ്രതിഷേധവും ഏരിയകമ്മിറ്റി പിരിച്ചുവിട്ടതുൾപ്പടെയുള്ള കാര്യങ്ങളാകും പ്രധാനമായും ചർച്ചയാവുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി, ലോക്‌സഭയിലെ കനത്തതോൽവി, ഇ.പി.ജയരാജൻ വിവാദങ്ങൾ, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും ചർച്ചയിൽ സമ്മേളന പ്രതിനിധികൾ ഉന്നയിച്ചേക്കും.
പരസ്യ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ ജില്ലാ സെക്രട്ടേറിയറ്റ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഏരിയാ സമ്മേളനം നടക്കാത്തതിനാൽ കരുനാഗപ്പള്ളിയിൽ നിന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉണ്ടാകില്ല. എന്നാൽ അവിടെ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. എസ്.സുദേവന് പകരം ജില്ലയിലെ മറ്റ് നേതാക്കളുടെ പേരും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.