കടയ്ക്കൽ : നിലമേൽ കടയ്ക്കൽ റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് കടക്കൽ താലൂക്ക് ആശുപത്രിക്ക് മുന്നിലെ കലുങ്കു നിർമ്മാണം രോഗികളെയും ആശുപത്രി ജീവനക്കാരെയും വലയ്ക്കുന്നു. ഏറെ തിരക്കേറിയ പകൽ നേരം ഒഴിവാക്കി രാത്രിയിൽ നിർമ്മാണം നടത്തണമെന്നാണ് ആവശ്യം. ആശുപത്രിയിലേക്ക് കയറുന്ന റോഡിന്റെ ഏതാണ്ട് നല്ലൊരു പങ്ക് കുഴിച്ചിട്ടിരിക്കുന്നതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഒന്നും തന്നെ അകത്തു കയറാനാകാത്ത സ്ഥിതിയാണ്.
നിർമ്മാണം മന്ദഗതിയിൽ
ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്തത് ഏറെ ദുരിതത്തിലാക്കുന്നു. അത്യാഹിത വിഭാഗത്തിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടിയാണ് അശുപത്രിയിലെത്തുന്നത്. ടൗണിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത് വ്യാപാരികളെയും വഴിയാത്രക്കാരെയും വാഹനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
വ്യാപാരികളും പ്രതിസന്ധിയിൽ
റോഡിന്റെ ഇരു വശങ്ങളിലും കോൺക്രീറ്റ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് കാരണം വാഹനങ്ങൾ ഒന്നും തന്നെ പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്.