
കടയ്ക്കൽ: എം.സി റോഡിൽ കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ യുവാവ് മരിച്ചു. ഇടത്തറ വിളയിൽ വീട്ടിൽ വേണുഗോപാലിന്റെയും ലിസിയുടെയും മകൻ വിഷ്ണുവാണ് (29) മരിച്ചത്. തട്ടത്തുമല മണലേത്തുപച്ചയിൽ ശനിയാഴ്ച രാത്രി 11 നായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചായിരുന്നു അപകടം. കിളിമാനൂരിലുള്ള ബന്ധുവീട്ടിൽ നിന്ന് കടയ്ക്കലിലേക്ക് വരികയായിരുന്നു വിഷ്ണു. എതിർ ദിശയിൽ നിന്ന് തട്ടത്തുമല ഇറക്കം ഇറങ്ങി അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും കാറിന്റെറെ മുൻഭാഗവും തകർന്നു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ കേശവപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും ഇടത്തറ എയ്ഞ്ചൽ വടംവലി ടീമിന്റെ പരിശീലകനുമാണ്. തിരുവനന്തപുരം സ്വദേശി അഞ്ജിതയാണ് ഭാര്യ. 11 മാസം മുമ്പായിരുന്നു വിവാഹം. കിളിമാനൂർ പൊലീസ് മേൽനടപടിയെടുത്തു.