photo
ഉദ്ഘാടനം കാത്ത്....കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം

കൊട്ടാരക്കര: മുഖ്യമന്ത്രി സമയം നൽകിയില്ല, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനാകുന്നില്ല. പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചത് ഒക്ടോബറിലാണ്. എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തീയതി നിശ്ചയിച്ച് നൽകിയില്ല. അതോടെ അനുബന്ധ പ്രവർത്തനങ്ങളെല്ലാം മുടങ്ങി. ഇതിന് ശേഷമാണ് പുതിയ കെട്ടിടത്തിൽ റൂഫിംഗ് നടത്താൻ തീരുമാനിച്ചത്. അതിന്റെ ജോലികൾ നടന്നുവരികയാണ്. ഈ ആഴ്ചയിൽ റൂഫിംഗ് നിർമ്മാണ ജോലികളും പൂർത്തിയാകും. അപ്പോഴും ഉദ്ഘാടനം എന്നെന്ന കാര്യത്തിൽ തീരുമാനമാകുന്നില്ല. ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്താണ് മതിയായ സൗകര്യങ്ങളോടെ പൊലീസ് സ്റ്റേഷൻ കെട്ടിടം പൂർത്തിയാക്കിയത്. 2.50 കോടി രൂപയാണ് നിർമ്മാണച്ചെലവ്. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.

2.50 കോടിയുടെ

നിർമ്മാണം

. പുതിയ കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ

താഴത്തെ നിലയിൽ റിസപ്ഷൻ, ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ്, ക്രമസമാധാന ചുമതലയുള്ള എസ്.ഐയുടെ ഓഫീസ്, റൈറ്ററുടെ ഓഫീസ്, ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, ലോക്കപ്പ് മുറികൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയാണുള്ളത്. ഒന്നാം നിലയിൽ എസ്.ഐമാരുടെ ഓഫീസുകൾ, കമ്പ്യൂട്ടർ റൂം, തൊണ്ടി- റെക്കാ‌‌ഡ് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ടാകും. കോൺഫറൻസ് ഹാളും റിക്രിയേഷൻ മുറിയും പൊലീസുകാരുടെ വിശ്രമ മുറികളും അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലറ്റുകൾ എന്നിവയാണ് മുകളിലത്തെ നിലയിൽ. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, പാർക്കിംഗ് സൗകര്യം എന്നിവയാണ് സൗകര്യങ്ങൾ.