കൊല്ലം: വിഭാഗീയത സി.പി.ഐയുടെ ഗുണമല്ലെന്നും സി.പി.എം കണ്ടുപിടിത്തങ്ങളാണ് എല്ലാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം കണ്ടെത്തിയ കാര്യങ്ങൾ സി.പി.ഐയ്ക്ക് ചേരില്ല. ഇത് ചോര വേറെയാണ്, ഈ ചോരയ്ക്ക് ഇണങ്ങാത്ത ഒരു മാലിന്യവും സി.പി.ഐയിലേക്ക് കടന്നുവരാൻ പാടില്ല. യഥാർഥ കമ്മ്യൂണിസ്റ്റായ സി.പി.ഐക്കാരനോ, സി.പി.എമ്മുകാരനോ നേരംവെളുക്കുമ്പോൾ ബി.ജെ.പിക്കാരനാകാൻ കഴിയില്ല. ഇടതുപക്ഷ ഐക്യം ശരിയായ രാഷ്ട്രീയമാണ്. ശരിക്കുവേണ്ടി പോരാടുന്ന സി.പി.ഐയെ കേരളത്തിനും ഇന്ത്യയ്ക്കും ആവശ്യമാണ്. പാർട്ടിക്കുള്ളിലെ ചർച്ചകൾ പകയോടെ സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന രീതി ശരിയല്ല. കാനം അചഞ്ചലനായ കമ്മ്യൂണിസ്റ്റ് ആണെന്നും വർത്തമാനകാല രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വിടവ് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം.കെ.ഡാനിയേൽ, സി.പി.ഐ സംസ്ഥാന എക്സി. അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.രാജു, അഡ്വ ആർ.വിജയകുമാർ, ആർ.എസ്.അനിൽ, ആർ.സജിലാൽ എന്നിവർ പങ്കെടുത്തു.