ini-

കൊല്ലം: നീർച്ചാലുകൾ ജനകീയമായി ശുചീകരിച്ച് വീണ്ടെടുക്കാൻ 'ഇനി ഞാൻ ഒഴുകട്ടെ" ക്യാമ്പയിനുമായി ഹരിതകേരള മിഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹാകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുകയാണ് ലക്ഷ്യം.

2019 ഡിസംബർ 8ന് ആരംഭിച്ച ഒന്നാംഘട്ട പ്രവർത്തനത്തിൽ ജില്ലയിൽ 292.87 കിലോ മീറ്റർ നീളത്തിലും 2020ൽ രണ്ടാംഘട്ട പ്രവർത്തനത്തിൽ 785.70 കിലോ മീറ്റ‌ർ നീളത്തിലും നീർച്ചാലുകൾ ശുചീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ 2025 മാർച്ച് 21 വരെയുള്ള കാലയളവിലാണ് മൂന്നാംഘട്ട ക്യാമ്പയിൻ.

ക്യാമ്പയിൻ ആസൂത്രണം ചെയ്യാൻ ജില്ലാതല ജലസംരക്ഷണ സാങ്കേതിക സമിതിയുടെ യോഗം ചേർന്ന് തദ്ദേശ സ്ഥാപന തലത്തിലുള്ള സാങ്കേതിക സമിതികൾക്ക് നിർദ്ദേശം നൽകി. ജലവിഭവ വകുപ്പിലെ എൻജിനിയർ കൺവീനറായുള്ള സമിതിയാണ് സാങ്കേതിക സഹായം നൽകുന്നത്.

നീർച്ചാലുകൾ വീണ്ടെടുക്കാം

 മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നീർച്ചാലുകളാണ് പരിപാലിക്കുന്നത്

 ക്യാമ്പയിനിലൂടെ ജലസ്രോതസുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കും

 ഇതിലൂടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ തടയും

 തൊഴിലുറപ്പ് തൊഴിലാളികളാണ് മുഖ്യപങ്ക് വഹിക്കുന്നത്

 ജനപ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ പിന്തുണയുമുണ്ട്

ജില്ലയിലെ മലിനമായ പരമാവധി നീർച്ചാലുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യമുക്തമാക്കുകയാണ് മൂന്നാംഘട്ട ക്യാമ്പയിന്റെ ലക്ഷ്യം.

ഹരിതകേരള മിഷൻ അധികൃതർ