h

കൊല്ലം: സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്തെ സമ്മേളനത്തോടെ സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് പൊട്ടിത്തെറികളോ മത്സരമോ അതിരൂക്ഷ വിമർശനങ്ങളോ ഉണ്ടായാൽ മറ്റ് ജില്ലാ സമ്മേളനങ്ങളിലേക്കും പടരും. സംസ്ഥാന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെയും ബാധിക്കും. കൊല്ലം ജില്ലാസമ്മേളനം അച്ചടക്കത്തോടെ പൂർത്തിയാക്കാനുള്ള ജാഗ്രതയിലാണ് സംസ്ഥാന നേതൃത്വം.

പ്രാദേശിക ചേരിപ്പോരുകൾ ചില ലോക്കൽ, ഏരിയാ സമ്മേളനങ്ങൾക്കിടയിൽ പാർട്ടിക്കാകെ നാണക്കേട് സൃഷ്ടിച്ച് പരസ്യ പ്രതിഷേധങ്ങളിലേക്കും മത്സരങ്ങളിലേക്കും നീണ്ടിരുന്നു. ഏരിയാ സെക്രട്ടറി പാർട്ടി വിട്ടുപോയി.പാർട്ടി ഓഫീസ് മാർച്ചും നേതാക്കളെ സമ്മേളന ഹാളിൽ പൂട്ടിയിട്ടതടക്കമുള്ള കടുത്ത അച്ചടക്കവിരുദ്ധ പ്രവർത്തനങ്ങളുമുണ്ടായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയെത്തി പിരിച്ചുവിട്ടത് മറ്റിടങ്ങളിലേക്ക് ഇത്തരം പ്രവണത പടരാതിരിക്കാനാണ്. കരുനാഗപ്പള്ളിയിൽ നിന്നും പ്രതിനിധികളില്ലാതെയാണ് കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്.

,ഇന്ന് രാവിലെ 10ന് മയ്യനാട് ധവളക്കുഴിയിലെ എൻ.എസ്. ഗവേഷണ കേന്ദ്രത്തിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി അടക്കമുള്ള പ്രശ്നങ്ങളിൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും ,സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനം സമ്മേളനത്തിൽ ഉയരാൻ സാദ്ധ്യതയുണ്ട്.

വി.എസ് പക്ഷത്ത് ശക്തമായ വേരുകളുണ്ടായിരുന്ന ജില്ലയാണ് കൊല്ലം. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു പക്ഷത്തിനെതിരെ 14 പേർ സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. അതിൽ പി രാജേന്ദ്രൻ വിജയിച്ചു. 2012ലെ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ വി.എസ് പക്ഷക്കാർ മത്സരിച്ച് വിജയിച്ചു. പിണറായി പാർട്ടിയിൽ കൂടുതൽ കരുത്തനായതോടെ വി.എസ് പക്ഷക്കാർ ഔദ്യോഗ നേതൃത്വത്തിന് വിധേയപ്പെട്ടു.

ജില്ലാ സെക്രട്ടറി തുടരും

കൊല്ലം ജില്ലാ സെക്രട്ടറിയായി രണ്ട് ടേം പൂർത്തിയാക്കിയ എസ്. സുദേവൻ ഈ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.നിലവിലെ 46 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് പേരെ ഒഴിവാക്കിയേക്കും. പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ മറ്റു ചിലരെ ഒഴിവാക്കാനും സാദ്ധ്യതയുണ്ട്.