chnj

കൊല്ലം: പേവിഷ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ സാമൂഹികാവബോധം സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥികൾക്കും മുഖ്യപങ്കുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായുള്ള ജില്ലയിലെ പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് എസ്.എൻ വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

2030 ഓടെ സംസ്ഥാനത്തെ പേവിഷബാധ മുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പേവിഷ പ്രതിരോധ കുത്തിവയ്പ്പിനൊപ്പം നായകളിലെ എ.ബി.സി പദ്ധതി വഴിയും ബോധവത്കരണ പദ്ധതികളിലൂടെയുമേ റാബീസിന് തടയിടാൻ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിൽ പേവിഷ ബാധ സംബന്ധിച്ച വീഡിയോ ചിത്രങ്ങളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘു ലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. പൊതുജനങ്ങൾക്ക് സംശയദൂരീകരണത്തിനുള്ള സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.എൽ അജിത്ത്, പ്രിൻസിപ്പൽ പ്രൊഫ. എസ്. ജിഷ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ഡെപ്യുട്ടി ഡയറക്ടർ ഡോ. ഷീബ.പി.ബേബി, അസി. ഡയറക്ടർ, ഡോ. കെ.ജി.പ്രദീപ്, സി.എ.ഡബ്ല്യു.എ മാനേജർ പ്രിൻസ്, സോന.ജി.കൃഷ്ണൻ, ഡോ. എസ് ദിവ്യ, പാർവതി, കാവ്യ എന്നിവർ പങ്കെടുത്തു.