 
കൊല്ലം: പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ കുട്ടിപ്പൊലീസിന് അഭിമാനവും സന്തോഷവും, കൂടെ ഒത്തിരി സംശയങ്ങളും. പൊലീസ് മാമൻമാരോട് വർത്തമാനം പറഞ്ഞും സേവനങ്ങളെപ്പറ്റി മനസിലാക്കിയും മണിക്കൂറുകൾ പിന്നിട്ടിട്ടും അവർക്ക് മതിയായതുമില്ല. ഇന്നലെ മുട്ടറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. എസ്.പി.സിയിൽ ചേർന്നതുമുതൽ പൊലീസിന്റെ സേവന പ്രവർത്തനങ്ങളെപ്പറ്റി ഏറെക്കുറെ കുട്ടികൾക്ക് ബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ സ്റ്റേഷനിലേക്ക് നേരിട്ടെത്തിയപ്പോഴാണ് അറിഞ്ഞതിൽ കൂടുതൽ അറിയാനുണ്ടെന്ന് ബോദ്ധ്യപ്പെട്ടത്. പരാതിക്കാർ വരുന്നതും പോകുന്നതും വിവിധ കേസുകളിൽപ്പെട്ട് ലോക്കപ്പിലുള്ളവരുടെ പ്രവൃത്തികൾ തുടങ്ങി ഓരോന്നും അവർ കൗതുകത്തോടെ നോക്കിനിന്നു. പഴയ ഇടിയൻ പൊലീസല്ല, എല്ലാം മാന്യൻമാരെന്നാണ് കുട്ടിപ്പൊലീസിന്റെ വിലയിരുത്തൽ. എസ്.ഐ ബാലാജി സുരേഷ് കുട്ടികളെ സ്വീകരിച്ചു. സിവിൽ പൊലീസ് ഓഫീസർ ധനേഷ് പൊലീസിന്റെ തോക്കിനെപ്പറ്റിയും ലാത്തിയെപ്പറ്റിയുമടക്കം ക്ളാസുകളെടുത്തു. പ്രഥമാദ്ധ്യാപിക ശ്രീലത, സ്കൂളിലെ അദ്ധ്യാപകരും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരുമായ ബി.എസ്.ശാന്തകുമാർ, എസ്.ദിവ്യ, ഡ്രിൽ ഇൻസ്ട്രക്ടർ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കോട്ടാത്തല ശ്രീകുമാറിന്റെ 'നോവുപെയ്യും മഴമേഘങ്ങൾ' എന്ന നോവൽ എസ്.പി.സി പ്രതിനിധി തീർത്ഥ എസ്.ഐ ബാലാജി സുരേഷിന് സമ്മാനിച്ചു. സ്റ്റേഷൻ ലൈബ്രറിയിലേക്ക് പുസ്തകം ഉൾപ്പെടുത്തി. എസ്.പി.സിയുടെ സീനിയർ കേഡറ്റുകളായ 44 പേരാണ് പൊലീസിനെ അടുത്തറിഞ്ഞ്, സ്റ്റേഷനറിവുകളുമായി മടങ്ങിയത്.