കൊല്ലം: കൂട്ടിക്കട റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനമായെന്ന് എം.നൗഷാദ് എം.എൽ.എ. പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കുന്നതിനുള്ള 2013 ലെ നിയമത്തിലെ ചട്ടം 11 (1) പ്രകാരമാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാകും ഭൂമിവില, നഷ്ടപരിഹാരം, പുനരധിവാസ വ്യവസ്ഥകൾ എന്നിവയ്ക്ക് അന്തിമരൂപം നൽകുക. 2018 ലെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2018 ഏപ്രിലിൽ ഭരണാനുമതി ലഭിച്ചു. ഭൂമിയേറ്റെടുക്കുന്നതിനും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി 2022 ഫെബ്രുവരിയിൽ കിഫ്ബിയിൽ നിന്ന് 52.24 കോടി രൂപ അനുവദിച്ചു.

2022 ആഗസ്റ്റിലാണ് പദ്ധതിക്ക് റെയിൽവേ അംഗീകാരം നൽകിയത്. സ്ഥലമേറ്റെടുക്കാനുള്ള പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചത് 2022 സെപ്തംബറിലാണ്. സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ദ്ധ സമിതി ശുപാർശകൾ അംഗീകരിച്ചുള്ള 8(1) വിജ്ഞാപനം കഴിഞ്ഞ ജൂലായ് 25ന് പ്രസിദ്ധീകരിച്ചിരുന്നു.

ഗതാഗതക്കുരുക്ക് അഴിയും
 കൂട്ടിക്കടയിലെ 549-ാം നമ്പർ ലെവൽ ക്രോസിന് പകരമായാണ് മേൽപ്പാലം

 ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

 ലെവൽ ക്രോസ് അടിക്കടി അടയ്ക്കുന്നതിനാൽ ദിവസം മുഴുവൻ ഗതാഗതക്കുരുക്ക്

 ഇതിനാണിപ്പോൾ പരിഹാരമായിരിക്കുന്നത്

ഭൂവുടമകൾ - 68

ഏറ്റെടുക്കുന്ന ഭൂമി - 2.45 ഏക്കർ

വകയിരുത്തിയത് ₹ 26.34 കോടി

വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇരവിപുരം മണ്ഡലത്തിൽ കൂട്ടിക്കട ഉൾപ്പടെ ആറ് മേൽപ്പാലങ്ങൾക്കായി സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്ന് 221.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

എം.നൗഷാദ് എം.എൽ.എ