കരുനാഗപ്പള്ളി : ക്ലാപ്പന ഇ.എം.എസ് സാംസ്കാരിക വേദി ലൈബ്രറി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാന കർമ്മം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു. . വള്ളിക്കാവിന് സമീപം നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ അദ്ധ്യക്ഷയായി. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ്മേനോൻ, ഗ്രന്ഥശാലാ സെക്രട്ടറി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സ്നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാല നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. ഇരു വൃക്കകളും തകർന്ന് ജീവിതം പ്രതിസന്ധിയിലായ സുരൻ എന്ന യുവാവിനും കുടുംബത്തിനുമാണ് ഇത്തവണ വീട് നിർമ്മിച്ചു നൽകിയത്. സുരനും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു താമസം. രണ്ട് കിടപ്പുമുറികളും ഹാളും സിറ്റൗട്ടും ടോയ്ലറ്റ് ബ്ലോക്കും അടങ്ങുന്ന 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീടാണ് കൈമാറിയത്.