 
തൊടിയൂർ: മാളിയേക്കൽ മേൽപ്പാലത്തിന്റെ സർവീസ് റോഡിന്റെ അരികിൽ ഓട നിർമ്മിക്കുന്നതിന്റെ പേരിൽ ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടു. മേൽപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സർവീസ് റോഡിൽ നിന്ന് തെക്കോട്ട് കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായി. ഒട്ടേറെ വാഹനങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്.
താത്ക്കാലിക സൗകര്യം ഒരുക്കണം
ഓട നിർമ്മാണത്തിനായി നാലടിയോളം താഴ്ചയിൽ റോഡ് മുറിച്ച് ചാലുകീറി കമ്പി പാകിയിരിക്കുകയാണ്.ഇതിന് മീതേ ഒരടി മാത്രം വീതിയുള്ള ഇരുമ്പ് ഷീറ്റ് കുറുകെ വച്ചിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ഇതിന് മുകളിലൂടെ ആളുകൾ പോകുന്നത്. പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചു കൊണ്ടു നടത്തുന്ന ഓട നിർമ്മാണം എന്ന് പൂർത്തീകരിക്കുമെന്ന് ആർക്കും അറിയില്ല. അനിശ്ചിതമായി നീളുമെങ്കിൽ മുറിച്ചിട്ടിട്ടുള്ള ഭാഗത്ത് താത്ക്കാലിക സൗകര്യം ഒരുക്കി വാഹനങ്ങൾക്കും നാട്ടുകാർക്കും സഞ്ചരിക്കാൻ അവസരം ഉണ്ടാക്കണമെന്നാണ് ആവശ്യം.