കൊല്ലം: സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ സർക്കാർ നിയമിച്ച റിട്ട. ജില്ലാ ജഡ്‌ജി രാജേന്ദ്രൻ നായർ ചെയർമാനായുള്ള അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സഹകരണ പെൻഷൻകാർക്ക് യാതൊരു ആനുകൂല്യവും നൽകരുതെന്നാണ് കമ്മിറ്റിയുടെ പ്രധാന ശുപാർശ. 1656 കോടി രൂപയിലധികം നിക്ഷേപമുള്ള സഹകരണ പെൻഷൻ ബോർഡിന് കഴിഞ്ഞ മാർച്ച് 31ലെ കണക്ക് പ്രകാരം 69 കോടി രൂപയാണ് ലാഭം. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് കെ.വിജയൻപിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രബോധ്.എസ് കണ്ടച്ചിറ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഉമാചന്ദ്രബാബു, എൻ.ജി.ശശിധരൻ എന്നിവർ സംസാരിച്ചു.