കൊല്ലം: സംസ്ഥാന സർക്കാരിന്റെ കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള ഐ.ടി പാർക്കുകൾ സ്ഥാപിക്കാൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാൻ ഐക്യകണ്ഠേന പ്രമേയം പാസാക്കി കോർപ്പറേഷൻ കൗൺസിൽ യോഗം.
കുരീപ്പുഴയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 16.52 ഏക്കറിൽ ബാക്കിയുള്ള ഏഴ് ഏക്കറും കൊല്ലം ആണ്ടാമുക്കത്തുള്ള രണ്ടര ഏക്കർ ഭൂമിയുമാണ് വിട്ടുനൽകുക. പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന്റെ പങ്ക് ഭൂമിയുടെ ഉടമസ്ഥരെന്ന നിലയിൽ കോർപ്പറേഷന് കൂടി ലഭിക്കുന്ന വ്യവസ്ഥയിലാകും ഭൂമി കൈമാറുകയെന്ന് മേയർ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി.
കൊല്ലം നഗരത്തിൽ പാർക്ക് സ്ഥാപിക്കാൻ സ്വകാര്യ ഭൂമികൾ തിരഞ്ഞെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് നിർവഹണ ഏജൻസിയായ കെ.എസ്.ടി.ഐ.ഐൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥലങ്ങളും ആവശ്യപ്പെട്ടത്. കെ.എസ്.ടി.ഐ.എൽ അധികൃതർക്ക് പുറമേ കുരീപ്പുഴയിലെ ഭൂമി മന്ത്രി കെ.എൻ.ബാലഗോപാലും അടുത്തിടെ സന്ദർശിച്ചിരുന്നു. നഗരത്തിലെ രണ്ട് സ്ഥലങ്ങൾക്ക് പുറമേ കൊട്ടിയത്ത് കാഷ്യു കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലും പദ്ധതിയുടെ ഭാഗമായി ഐ.ടി പാർക്ക് സ്ഥാപിക്കാൻ ആലോചനയുണ്ട്.
കരുമാലിൽ സുകുമാരന് സ്മാരകം മുൻ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ് നേതാവുമായി കരുമാലിൽ സുകുമാരന്റെ പ്രതിമ അടക്കമുള്ള സ്മാരകം നിർമ്മിക്കുന്നതിനുള്ള ശുപാർശ തയ്യാറാക്കാൻ നഗരാസൂത്രണ, പൊതുമരാമത്ത്, അപ്പീൽകാര്യ സ്ഥിരം സമിതികളുടെ അദ്ധ്യക്ഷന്മാർ അടങ്ങിയ സമിതിയെ കോർപ്പറേഷൻ കൗൺസിൽ യോഗം നിയോഗിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ്.ഡി.കാട്ടിൽ ഇന്നലെ കൗൺസിൽ യോഗത്തിൽ കരുമാലിൽ സുകുമാരന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മേയർ ഇക്കാര്യത്തിലുള്ള തീരുമാനം അറിയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കരുമാലിൽ സുകുമാരൻ ഫൗണ്ടേഷൻ നേരത്തെ മേയർക്ക് നിവേദനം നൽകിയിരുന്നു.