
അഞ്ചൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധന്റെ കൈയ്ക്ക് പരിക്കേറ്റു. ആർച്ചൽ ചരുവിള വീട്ടിൽ ശശിധരനാണ് (72) പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ ആർച്ചലിലാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഗുരുതരമായി പരിക്കേറ്റത്.
ആക്രമണ ശേഷം പിന്തിരിഞ്ഞ കാട്ടുപന്നി വീണ്ടും ആക്രമിക്കാൻ എത്തിയെങ്കിലും ശശിധരൻ ബഹളം വച്ചതോടെ നാട്ടുകാരെത്തി പന്നിയെ വിരട്ടിയോടിച്ചു. ശശിധരനെ നാട്ടുകാർ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.