കൊല്ലം: രക്തസാക്ഷി സ്മരണകളുയർത്തിയ മുദ്രാവാക്യങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ചെങ്കടൽ പ്രവാഹമായെത്തിയ കൊടിമര, ദീപശിഖ, പതാക ജാഥകൾ സി.പി.എം ജില്ലാ സമ്മേളന നഗരിയായ മയ്യനാട് എൻ.എസ് പഠന ഗവേഷണ കേന്ദ്രത്തിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഗമിച്ചു.

ഇന്ന് രാവിലെ 10ന് ചെങ്കൊടിയേറുന്നതോടെ സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമാകും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമ്മേളനത്തിൽ പൂർണ സമയം പങ്കെടുക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കൊണ്ടുവന്നത്‌ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ്‌.

കൊടിമരം കടയ്ക്കൽ വിപ്ലവ സ്‌മാരകത്തിൽ നിന്നും ദീപശിഖാ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ്‌ എത്തിച്ചത്‌. രാത്രി ഏഴരയോടെ മേവറം ജംഗ്ഷനിൽ എത്തിയ ജാഥകളെ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വൻ പ്രകടനമായാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്ത് ജില്ലാ കമ്മിറ്റി അംഗം എം.നസീർ നയിച്ച കൊടിമര ജാഥ സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഏറ്റുവാങ്ങി. കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ ജാഥാ ക്യാപ്ടനായ ദീപശിഖാ ജാഥ സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ ക്യാപ്‌ടനായ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രൻ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ ജാഥകൾ സമ്മേളന നഗറിൽ എത്തിയത്‌.

ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംഘാടക സമിതി ചെയർമാൻ പി.രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.മേഴ്‌സിക്കുട്ടിഅമ്മ, കെ.വരദരാജൻ, ചിന്ത ജെറോം, സൂസൻകോടി, എം.എച്ച്.ഷാരിയർ, കെ.രാജഗോപാൽ, കെ.സോമപ്രസാദ്, എസ്.രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എക്സ്.ഏണസ്റ്റ്, എസ്.ജയമോഹൻ, പി.എ.എബ്രഹാം, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, സി.രാധാമണി, ടി.മനോഹരൻ, എസ്.വിക്രമൻ, എം.ശിവശങ്കരപ്പിള്ള, സി.ബാൾഡുവിൻ, സംഘാടക സമിതി കൺവീനർ എൻ.സന്തോഷ്, കൊട്ടിയം ഏരിയാ സെക്രട്ടറി എസ്.ഫത്തഹുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാഥകളെ വരവേറ്റു.