കൊല്ലം: തൃക്കരുവ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവിയുടെ ദാരുവിഗ്രഹത്തിൽ

അതിസവിശേഷമായ ചാന്താട്ട ചടങ്ങുകൾ നാളെ രാവിലെ 10ന് നടക്കും. തുടർന്ന് ഗുരുതി പൂജയും ഉച്ചയ്ക്ക് 12ന് അന്നദാനവും. ചാന്താട്ട വഴിപാടിന്റെ ഭാഗമായി ഇന്നും നാളെയും രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

ചാന്താട്ട വഴിപാടിൽ പങ്കെടുക്കുന്നവർക്കും നടത്തുന്നവർക്കും ഇഷ്ടകാര്യസിദ്ധിയും രോഗശാന്തിയും

സർവൈശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തർക്ക് ചാന്താട്ട വഴിപാട് നേർച്ചയായി നടത്താനും സാധിക്കും. ദേവസ്വം തന്ത്രി തുറവൂർ ഉണ്ണികൃഷ്ണൻ, ദേവസ്വം മേൽശാന്തി തൃക്കരുവ സുകുമാരൻ എന്നിവർ

കാർമ്മികത്വം വഹിക്കും. ദാരു ബിംബ പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ വിഗ്രഹത്തിന് ഉറപ്പും തിളക്കവും കൂട്ടി ദേവീ ചൈതന്യം വർദ്ധിപ്പിക്കുന്നതിനാണ് ചാന്താട്ടാചാരം നടത്തുന്നത്. വടക്കോട്ട് ദർശനത്തോടുകൂടിയുള്ള തൃക്കരുവ ശ്രീ ഭദ്രകാളിയുടെ ദാരു വിഗ്രഹത്തിൽ അഷ്ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ തയ്യാറാക്കിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം നവകുംഭങ്ങളിൽ നിറച്ച് ദേവീമന്ത്രങ്ങളാൽ പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടത്തിൽ മൂലബിംബമായ ദാരു ശില്‌പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ചാന്താട്ടമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.

തൃക്കരുവ കുറ്റിയഴികം ദേവസ്വം കമ്മിറ്റി വർക്കിംഗ് പ്രസിഡന്റുമാരായ മങ്ങാട് സുബിൻ നാരായൺ, ജി.ഗിരീഷ് കുമാർ, ദേവസ്വം സെക്രട്ടറിമാരായ ഡോ. കെ.വി.ഷാജി, ഡി.എസ്.സജീവ്, ജോ. സെക്രട്ടറി പി.എൻ.ആനന്ദക്കുട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.