പരവൂർ: വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തൻകുളം സ്വദേശിനിയായ യുവതിയെയാണ് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. പൊലീസ് പറയുന്നത്: പ്രവാസിയായിരുന്ന ഭർത്താവ് ഭാര്യയുമായി കുടുംബ്രപശ്‌നത്തിന്റെ പേരിൽ പിണങ്ങി കഴിയുകയായിരുന്നു. ഇന്നലെ രാവിലെ തന്റെ വസ്ത്രങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്നെടുക്കാനെത്തിയതായിരുന്നു ഭാര്യ. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും വീട്ടിലെ കട്ടിലിനടിയിൽ ഉണ്ടായിരുന്ന കൊടുവാളെടുത്ത് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് ഭർത്താവ് മുറിയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാർ വാതിൽ തള്ളിത്തുറന്ന് ഇരുവരെയും ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. പരവൂർ പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു. പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ പേരിൽ പൊലീസ് കേസെടുത്തു.