road

കൊല്ലം: കൊല്ലം - തേനി ദേശീയപാത വികസനത്തിൽ നിലവിലെ പാത 16 മീറ്ററിൽ വികസിപ്പിക്കണമെന്ന ആവശ്യം ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (മോർത്ത്) തിരുവനന്തപുരം റീജിണൽ ഓഫീസ് തള്ളി. പകരം നിലവിലെ പാത 24 മീറ്ററിൽ നാലുവരിയായി വികസിപ്പിക്കാനുള്ള ശുപാർശ റീജിണൽ ഓഫീസർ, മോർത്ത് ആസ്ഥാനത്തിന് കൈമാറി.

സ്ഥലമേറ്റെടുക്കൽ ചെലവും പൊളിച്ചുനീക്കലുകളും കുറയ്ക്കാൻ പദ്ധതിയുടെ കൺസൾട്ടൻസി മുന്നോട്ടുവച്ച പെരിനാട് മുതൽ ഭരണിക്കാവ് വരെ 30 മീറ്റർ ബൈപ്പാസും ഇപ്പോൾ സമർപ്പിച്ചിട്ടുള്ള ശുപാർശയിൽ ഇല്ല. ദേശീയപാതവികസനം കടവൂരിന് പകരം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

നിലവിലെ പാത 16 മീറ്ററിൽ വികസിപ്പിക്കാൻ ഒന്നര വർഷം മുമ്പ് മോർത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക നടപടികളും റവന്യു വകുപ്പ് ആരംഭിച്ചിരുന്നു. ഇതിനിടെ ഒന്നരമാസം മുമ്പാണ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്.

കടവൂർ മുതൽ പെരിനാട് വരെ 24 മീറ്ററിൽ നാലുവരിപ്പാത, പെരിനാട് മുതൽ ഭരണിക്കാവ് വരെ 30 മീറ്ററിൽ നാലുവരി ബൈപ്പാസ്, പെരിനാട് മുതൽ ഭരണിക്കാവ് വരെ നിലവിലെ പാതയിൽ സ്ഥലമേറ്റെടുക്കലില്ല, ഭരണിക്കാവ് മുതൽ ആഞ്ഞിലിമൂട് വരെ 24 മീറ്ററിൽ നാലുവരി എന്നിങ്ങനെയായിരുന്നു നിർദ്ദേശം. ഇതെല്ലാമാണ് ഇപ്പോൾ അപ്പാടെ ഉപേക്ഷിച്ചിരിക്കുന്നത്.

അലൈൻമെന്റിൽ എതിർപ്പ്

 ബൈപ്പാസ് അലൈൻമെന്റിനെതിരെ എതിർപ്പ്

 സ്ഥലമേറ്റെടുക്കലും നീണ്ടേക്കും

 ഈ സാദ്ധ്യത കണക്കിലെടുത്ത് ബൈപ്പാസ് ഒഴിവാക്കി

 രണ്ടാംഘട്ടമായി ബൈപ്പാസ് നിർമ്മിക്കുമെന്ന് സൂചന

30 ഹെക്ടർ ഏറ്റെടുക്കേണ്ടി വരും

16 മീറ്റർ വികസനത്തിന് നിലവിലെ പാതയുടെ ഇരുവശങ്ങളിൽ നിന്നുമായി 11 ഹെക്ടർ ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു കണക്ക്. 24 മീറ്ററായി വികസിപ്പിക്കുമ്പോൾ 30 ഹെക്ടറെങ്കിലും ഏറ്റെടുക്കേണ്ടി വരും.

നിലവിലെ വീതി - 10-12 മീറ്റർ
കടവൂർ - ആഞ്ഞിലിമൂട് ദൂരം - 54 കിലോമീറ്റർ

ബൈപ്പാസ് അലൈൻമെന്റിലെ എതിർപ്പ് മൊത്തം പ്രവർത്തനത്തെയും ബാധിക്കും. അതിനാലാണ് ആദ്യഘട്ട വികസനത്തിൽ നിന്ന് ഒഴിവാക്കിയത്.

ദേശീയപാത അധികൃതർ