
കൊല്ലം: ക്രിസ്മസ് -പുതുവത്സര കാലത്തെ ലഹരി ഒഴുക്ക് തടയാൻ സ്‌പെഷ്യൽ ഡ്രൈവിന് തുടക്കമിട്ട് എക്‌സൈസ്. അടുത്ത മാസം നാലുവരെയാണ് സ്‌പെഷ്യൽ ഡ്രൈവ്. ജില്ലയിൽ ലഹരിസംഘങ്ങളുടെ ഇടപാടുകൾ വർദ്ധിച്ചതിനാൽ കർശന പരിശോധയാണ് നടത്തുന്നത്.
എക്‌സൈസിന്റെ ഹോട്ട് സ്‌പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങൾ, സ്‌കൂൾ, കോളേജ്, ബസ് സ്റ്റാൻഡ് പരിസരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പുതുവത്സാരഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും എക്‌സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ലഹരി സംബന്ധമായ വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് ഹോട്ടലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ റേഞ്ചിലും പരിശോധന ശക്തമാക്കി. ഇക്കാലയളവിൽ ഡ്രൈഡേകളിലെ മദ്യ വിൽപ്പന തടയണമെന്നും ബാറുകൾ, ബിയർ പാർലറുകൾ, ക്ലബുകൾ, എന്നിവ പ്രവർത്തന സമയം കഴിഞ്ഞ് പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
സ്‌പെഷ്യൽ ഡ്രൈവിൽ വനിതാ സിവിൽ എ്ക്‌സൈസ് ഓഫീസറുടെ സാന്നിദ്ധ്യമുണ്ടായിരിക്കണമെന്നും വാഹന പരിശോധനയ്ക്കിടെ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്‌പെഷ്യൽ ഡ്രൈവിന്
സ്‌ട്രൈക്കിംഗ് ഫോഴ്‌സ്
 എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമാകും
 വിവിധ റേഞ്ചുകളിൽ രംഗത്തുള്ളത് മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ
 പൊലീസ് ഡോഗ് സ്‌ക്വാഡും പങ്കാളിയാകും
 പാർക്ക്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന
 ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് മെഡിക്കൽ സ്‌റ്റോറുകളിലും പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും സഹായത്തോടെ കടലിലും പരിശോധന
ചെക്ക്‌പോസ്റ്റിൽ കർശനം
ചെക്ക് പോസ്റ്റിൽ ചരക്ക് വാഹനങ്ങളുടെ രഹസ്യ അറകൾ വരെ പരിശോധിക്കും. പച്ചക്കറി, മത്സ്യം എന്നിവയുമായി വരുന്ന വാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ പ്രത്യേകമായിട്ടാകും പരിശോധന. വാഹനങ്ങളുടെ നമ്പരും പരിശോധിക്കും.
കൺട്രോൾ റൂം - 24 മണിക്കൂർ
ടോൾഫ്രീ നമ്പർ- 155358
പരാതിക്കാരുടെ പേര് രഹസ്യമായിരിക്കും. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും.രാത്രികാലങ്ങളിലും പരിശോധന നടത്തും.
എക്‌സൈസ് അധികൃതർ