കൊല്ലം: കശുഅണ്ടി വ്യവസായം തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്നും വ്യവസായം സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തോട്ടണ്ടി ഇറക്കുമതി ചുങ്കം പൂർണമായി പിൻവലിക്കുക, പരിപ്പ് ഇറക്കുമതി അനുമതി പിൻവലിക്കുക, പ്രത്യേക വ്യവസായ പുനരുദ്ധാരണ സാമ്പത്തിക പാക്കേജ് അനുവദിക്കുക, ബാങ്കുകൾ ജപ്തി നടപടികൾ നിറുത്തിവയ്ക്കുക, കടാശ്വാസ പാക്കേജ് നടപ്പാക്കുക, വ്യവസായത്തിന് ഉദാരമായി വായ്പ അനുവദിക്കുക. പി.എഫ് മിനിമം പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും കേരളത്തിന് അർഹമായ ധനസഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.