കൊല്ലം: ഭാര്യ അനിലയെ കാറിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ പദ്മരാജനുമായി കൊല്ലം ഈസ്റ്റ് പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.

അനിലയുടെയും പദ്മരാജന്റെയും കൊട്ടിയത്തെ വീട്, പദ്മരാജൻ പെട്രോൾ വാങ്ങിയ കൊട്ടിയത്തെ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സംഭവം നടന്ന ചെമ്മാൻമുക്കിൽ നേരത്തെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ നിയന്ത്രണത്തിൽ നി​ന്ന് പോയെന്ന വിഷമത്തിലാണ് ക്രൂരകൃത്യം ചെയ്തതെന്ന മൊഴി പദ്മരാജൻ ആവർത്തിച്ചു. രണ്ട് ദിവസത്തേക്കാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടത്. ഇന്ന് കൂടുതൽ വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ആശ്രാമത്തെ ബേക്കറി അടച്ച് വരികയായിരുന്ന അനിലയുടെ കാർ തടഞ്ഞുനിറുത്തി പദ്മരാജൻ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തി കീഴടങ്ങി.