
കൊല്ലം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരെ വലച്ചിരുന്ന നവജ്യോതി ജംഗ്ഷൻ- വ്ലാവേത്ത് വഞ്ചി റോഡിന്റെ നവീകരണം ആരംഭിച്ചു. ഒരാഴ്ച മുമ്പാണ് റീടാറിംഗ് ആരംഭിച്ചത്. നിലവിൽ റോഡ് പൂർണമായി പൊളിക്കുകയാണ്. തുടർന്ന് മെറ്റലിട്ട് റോഡ് ഒരേ നിരപ്പാക്കി ടാറ് ചെയ്യും.
രണ്ടാഴ്ചക്കുള്ളിൽ റോഡ് പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടി കഴിഞ്ഞ സെപ്തംബർ 1ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. റീബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റാർച്ച് മുക്ക് മുതൽ കൈതാകോടി വരെയുള്ള റോഡിന്റെ ടാറിംഗിനൊപ്പം ഈ റോഡിന്റെയും അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നതാണ്.
രണ്ട് കിലോമീറ്ററിൽ താഴെ ദൈർഘ്യമുള്ള സ്റ്റാർച്ച് മുക്ക് കൈതാകോടി റോഡിന്റെ പണി പൂർത്തിയാകാൻ രണ്ട് വർഷത്തിലധികമെടുത്തു. അതിനാൽ ഇതിനൊപ്പം ചെയ്തുതീർക്കേണ്ട അരകിലോമീറ്ററിൽ താഴെ ദൂരമുള്ള നവജ്യോതി -വ്ലാവേത്ത് വഞ്ചി റോഡിന്റെ പണി വൈകുകയായിരുന്നു. ഇരുറോഡുകൾക്കുമായി രണ്ട് കോടിയാണ് വകയിരുത്തിയത്.
നീളം - 0.5 കിലോമീറ്റർ
വീടുകൾ - 40 ഓളം
രണ്ടാഴ്ചയ്ക്കുള്ളിൽ റീടാറിംഗ് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പി.ജഗന്നാഥൻ, ചെറുമൂട് അഞ്ചാം വാർഡ് അംഗം
സമയബന്ധിതമായി റോഡിന്റെ നവീകരണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശിവൻ വേളീക്കാട്, പ്രസിഡന്റ്, ചെറുമൂട് ഗ്രന്ഥകൈരളി നഗർ റെസി. അസോസിയേഷൻ