photo
തെരുവുനായകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റയാൻ യാത്ര നടത്തുന്ന നജീബ് കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ നെഹ്റു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങൾക്ക് ഭീഷണിയായി മാറുന്ന തെരുവുനായകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് നിന്ന് സെക്രട്ടേറിയറ്റിലേക്ക് വീൽച്ചെയറും തള്ളി പ്രതിഷേധയാത്ര നടത്തുന്ന യുവാവ് ശ്രദ്ധേയനാകുന്നു. തേവലക്കര കിളങ്ങര വീട്ടിൽ നജീബ് (45 )ആണ് ഒറ്റയാൻ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യേണ്ട പ്ലക്കാടുകൾ നാലുവശവും പതിപ്പിച്ച വീൽച്ചെയറുമായുള്ള യാത്ര കാസർകോട് നിന്ന് ആരംഭിച്ചിട്ട് 41 ദിവസം പിന്നിടുന്നു. തെരുവ് നായ്ക്കൾ കാരണം നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടും പ്രതിഷേധിക്കേണ്ടവ‌ർ നിശബ്ദത പാലിക്കുന്നതാണ് ഇത്തരമൊരു യാത്രയ്ക്ക് പ്രേരിതമായതെന്ന് നജീബ് പറയുന്നു. പെട്രോൾ പമ്പുകളിൽ അന്തിയുറങ്ങിയും നാട്ടുകാർ നൽകുന്ന ഭക്ഷണവും കഴിച്ചാണ് യാത്ര. ഇതിനുമുമ്പും നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഇതുപോലെ പ്രതിഷേധ പരിപാടികൾ നടത്തി ശ്രദ്ധേയനായ നജീബിന്റെ 95 -ാം സമര യാത്രയാണ് ഇത്. മൂന്ന് ദിവസത്തിനുള്ളിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ എത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ നജീമിന് നെഹ്റു ഫൗണ്ടേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ.എസ് പുരം സുധീർ ഷാൾ അണിയിച്ച് സ്വീകരിച്ചു. . താഹ, നൗഷർ, നവാസ്,അഡ്വ.രവികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.