
കൊല്ലം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന കോടതി വിധികളോട് മുഖം തിരിച്ച് സർക്കാർ. തസ്തിക നിലവിൽ വന്ന് രണ്ട് പതിറ്റാണ്ടായിട്ടും ലൈബ്രേറിയന്മാരെ നിയമിക്കാൻ സാമ്പത്തികസ്ഥിതി മോശമെന്ന് വിദ്യാഭ്യാസവകുപ്പ്.
സംസ്ഥാനത്ത് പതിനായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് ഹയർ സെക്കൻഡറി ലൈബ്രേറിയൻ നിയമനം കാത്തിരിക്കുന്നത്. ഇപ്പോൾ അദ്ധ്യാപകർക്കാണ് ലൈബ്രറിയുടെ ചുമതല. 1200 ചതുരശ്ര അടിയുള്ള കെട്ടിടവും പതിനായിരത്തിലധികം പുസ്തകങ്ങളും ഉണ്ടെങ്കിൽ ഒരു കരാർ ലൈബ്രേറിയനെ നിയമിക്കാമെന്നാണ് ചട്ടം. പൊതുവിദ്യാലയങ്ങളിൽ ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന് കേരള വിദ്യാഭ്യാസ ചട്ടം 32 അദ്ധ്യായത്തിലും 2001ൽ നിയമസഭ പാസാക്കിയ സ്‌പെഷ്യൽ റൂൾസിലും പറയുന്നുണ്ട്.
സാമ്പത്തിക പരാധീനത
 സർക്കാർ -എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2000ത്തിനടുത്ത് ലൈബ്രേറിയൻ ഒഴിവുകളുണ്ട്
 ലൈബ്രറി ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സേവനം ലഭിക്കുന്നില്ല
 നവോദയ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ലൈബ്രേറിയൻ നിയമനത്തിൽ തടസമില്ല
 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും ലൈബ്രേറിയന്മാരെ നിയമിക്കുന്നുണ്ട്
കോടതിയലക്ഷ്യം
ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും നിയമനം നടത്താൻ സർക്കാർ തയ്യാറായില്ല. സംസ്ഥാന ബാലാവകാശ കമ്മിഷനും ലൈബ്രേറിയനെ നിയമിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു.
സാമ്പത്തിക സ്ഥിതി മോശമായതിനാൽ പൂർണസമയം പ്രവർത്തിക്കുന്ന ലൈബ്രറികൾ ആരംഭിക്കാനും ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കാനും കഴിയില്ല.
വിദ്യാഭ്യാസവകുപ്പ് അധികൃതർ