 
6.65 കോടി അടങ്കൽ
പുനലൂർ : പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്രീരാമ വർമ്മപുരം മാർക്കറ്റിൽ ആധുനിക മാർക്കറ്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് നിർമ്മാണം. 6.65 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ. തമിഴ്നാട്ടിലെ സേലം ആസ്ഥാനമാക്കിയുള്ള വി.പി.എം. പ്രോജക്ട് എന്ന കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഒരു വർഷമാണ് നിർമ്മാണ കാലാവധി. 2025 ഡിസംബർ 31ന് നിർമ്മാണം പൂർത്തിയാക്കും.
സ്ഥലം സന്ദർശിച്ചു, ചർച്ച നടത്തി
കരാർ കമ്പനി പ്രതിനിധികളുമായി നഗരസഭാ അദ്ധ്യക്ഷ കെ. പുഷ്പലത, ഉപാദ്ധ്യക്ഷൻ രഞ്ജിത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിനോയ് രാജൻ, പ്രിയ പിള്ള, വസന്ത രഞ്ചൻ, അഡ്വ. പി.എ. അനസ്, വാർഡ് കൗൺസിലർ നിമ്മി എബ്രഹാം, മുൻ വൈസ് ചെയർമാൻമാരായ ഡി. ദിനേശൻ, വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ അജി ആന്റണി എന്നിവർ സ്ഥലം സന്ദർശിക്കുകയും മാർക്കറ്റിലെ വ്യാപാരികളുമായി ചർച്ച നടത്തുകയും ചെയ്തു.
നിർമ്മാണം ഉടൻ ആരംഭിക്കും. എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും.കെ. പുഷ്പലത
ചെയർപേഴ്സൺ