sthyam

കൊല്ലം: ഗുരുവഴിയിലെ നിത്യ തീർത്ഥാടകനായിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫ. ജി.സത്യൻ. ഹൃദ്യമായി ഗുരുദേവ ദർശനം അവതരിപ്പിക്കുന്ന ഉജ്ജ്വല പ്രഭാഷകനുമായിരുന്നു അദ്ദേഹം. നാടെമ്പാടും സഞ്ചരിച്ച് ഒരുഘട്ടത്തിൽ ആയിരങ്ങളെയാണ് അദ്ദേഹം ശ്രീനാരായണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിച്ചത്.

ഗുരുദേവ ദർശന പ്രചാരണത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും ഗുരുദേവ ദർശന പ്രചാരണമെന്ന ദൗത്യവുമായി അദ്ദേഹം സഞ്ചരിച്ചു. വിദ്യാർത്ഥയായിരിക്കെ തന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തകനായ അദ്ദേഹം വൈകാതെ നേതൃത്വത്തിലേക്ക് ഉയർന്നു. എസ്.എൻ കോളേജുകളിൽ അദ്ധ്യാപകനായിരിക്കുമ്പോഴും യോഗത്തിന്റെ പ്രവർത്തനങ്ങൾക്കായി വലിയൊരു സമയം നീക്കിവച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന് ആസ്ഥാനം നിർമ്മിക്കാനുള്ള ഭൂമി വാങ്ങാൻ അന്നത്തെ ഭാരവാഹികൾക്കൊപ്പം നാടാകെ സഞ്ചരിച്ച് പണം സമാഹരിച്ചു.

അക്കാലത്ത് കൊട്ടാരക്കരയിലെ യോഗം നേതാക്കളിൽ പ്രൊഫ. ജി.സത്യന് മാത്രമേ കാറുണ്ടായിരുന്നുള്ളു. സ്വന്തം കീശയിൽ നിന്ന് പണമെടുത്ത് എണ്ണയടിച്ചാണ് പണസമാഹരണത്തിനായി പോയിരുന്നത്. പിന്നീട് പ്രമുഖ കോൺട്രാക്ടറായിരുന്ന കെ.എൻ.സത്യപാലനെ കൊട്ടാരക്കര യൂണിയന്റെ അമരത്തേക്ക് കൊണ്ടുവന്നതും പ്രൊഫ. ജി.സത്യന്റെ കൂടി നേതൃത്വത്തിലാണ്. പിന്നീട് കെ.എൻ.സത്യപാലൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ മുൻനിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

പുനലൂർ എസ്.എൻ കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച ശേഷം പ്രൊഫ. ജി.സത്യൻ യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും പൂർണസമയ പ്രവർത്തകനായി മാറി. വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങൾക്ക് പുറമേ ഗുരുദേവ ദർശനം ആസ്പദമാക്കി നിരന്തരം ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. ഏറ്റവുമൊടുവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം എഴുതി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.