കൊല്ലം: ജില്ലയിലെ ആറ് പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്ത് വിജയിച്ച് എൽ.ഡി.എഫിന് മേൽക്കൈ. യു.ഡി.എഫിന്റെ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, തേവലക്കര ഗ്രാമപഞ്ചായത്തിലെ കോയിവിള തെക്ക് വാർഡുകളും ബി.ജെ.പി ഭരിച്ചിരുന്ന കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തെറ്റിമുറി വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം നേരത്തെ എൽ.ഡി.എഫിന്റെ കൈയിലായിരുന്ന തേവലക്കര പഞ്ചായത്തിലെ പാലക്കൽ വടക്ക്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പൂങ്കോട് വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
വെസ്റ്റ് കല്ലടയിലെ നടുവിലക്കര (എട്ട്), കുന്നത്തൂരിലെ തെറ്റിമുറി (അഞ്ച്), ഏരൂരിലെ ആലഞ്ചേരി (17), തേവലക്കരയിലെ കോയിവിള തെക്ക് (12), പാലയ്‌ക്കൽ വടക്ക് (22), ചടയമംഗലത്തെ പൂങ്കോട് (അഞ്ച്) എന്നീ ആറ് വാർഡുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
നടുവിലക്കര എട്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടിന്റെയും കുന്നത്തൂർ തെറ്റിമുറി അഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.തുളസി 164 വോട്ടിന്റെയും ഏരൂർ ആലഞ്ചേരി 17-ാം വാർഡിൽ എൽ.ഡി.എഫിന്റെ എസ്.ആർ മഞ്ജു 87 വോട്ടിന്റെയും കോയിവിള തെക്ക് 12-ാ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത 108 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലയ്ക്കൽ വടക്ക് 22-ാം വാർഡിൽ യു.ഡി.എഫിന്റെ ബിസ്‌മി അനസ് 148 വോട്ടിന്റെയും ചടയമംഗലം പൂങ്കോട് അഞ്ചാം വാർഡിൽ യു.ഡി.എഫിന്റെ ഉഷാബോസ് 43 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു.