കൊല്ലം: ശക്തികുളങ്ങര മരുത്തടിയിൽ പണി നടക്കുന്ന വീട്ടിൽ നിന്ന് വയറിംഗ് കേബിളുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കന്നിമേൽചേരി കിണറുവിള പടിഞ്ഞാറ്റത്തിൽ വീട്ടിൽ ജൂഡ്‌സൺ (24) ശക്തികുളങ്ങര കന്നിമേൽചേരി പുലിക്കൂട്ടിങ്ങൽത്തറ വീട്ടിൽ പപ്പൻ എന്ന പത്മകുമാർ(24) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് പുതുതായി പണിതുകൊണ്ടിരുന്ന വീടിനുള്ളിൽ വയറിംഗ് ചെയ്യാൻ സൂക്ഷിച്ചിരുന്ന വിവിധ അളവിലുള്ള വയർ മോഷ്ടിക്കുകയും വയറിംഗ് പൂർത്തിയാക്കിയ മുറികളിൽ നിന്ന് വയറുകൾ മുറിച്ചെടുക്കുകയും ചെയ്തത്. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ മുമ്പും മോഷണക്കേസുകളിൽ പ്രതികളാണ്.
ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, സജയൻ, എസ്.സി.പി.ഒമാരായ അബൂ താഹിർ, ബിജു കുമാർ, മനുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.